ഐക്യജനാധിപത്യ മുന്നണിയുടെ മുന്നണി പോരാളിയായി പി.ജെ ജോസഫിനൊപ്പം ഉറച്ചു നില്ക്കും അഡ്വ.പ്രിൻസ് ലൂക്കോസ്
സ്വന്തം ലേഖകൻ
കോട്ടയം: വിശ്വസ്തതയുടെ പാരമ്പര്യം മുറുകെ പിടിച്ചു ഐക്യജനാധിപത്യമുന്നണിയിൽ പോരാളിയായി നിലകൊള്ളുമെന്നും കേരളാ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനായി ഇന്ന് ജീവിച്ചിരിക്കുന്ന യഥാർത്ഥ കർഷകനേതാവ് പി.ജെ ജോസഫിന്റെ നേതൃത്വത്തിന് കീഴിൽ അടിയുറച്ച് നില്ക്കുമെന്നും
അഡ്വ.പ്രിൻസ് ലൂക്കോസ് പറഞ്ഞു.
കഴിഞ്ഞ കുറെ ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലും ഓൺലൈൻ വാർത്തകളിലും ഞാൻ മുന്നണിമാറും എന്ന അടിസ്ഥാനരഹിതമായി പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്. ജോസ് കെ. മാണിയുടെ രാഷ്ട്രീയ വഞ്ചനയിൽ പെടാതെ യുഡിഎഫിന് ഒപ്പം നിന്നതിൽ അഭിമാനിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനാധിപത്യ വിശ്വാസികളുടെയും കർഷകരുടെയും ഏക പ്രതീക്ഷയായ ഐക്യ ജനാധിപത്യമുന്നണിയിൽ അംഗമായ ഞാൻ ബഹുമാനപ്പെട്ട പി.ജെ ജോസഫ് സാറിനോടും പാർട്ടിയോടും ചേർന്ന് എന്നിൽ നിക്ഷിപ്തമായ കടമകൾ തുടർന്നും നിർവ്വഹിക്കും.
കേരള കോൺഗ്രസ് പാർട്ടിയും ഐക്യജനാധിപത്യ മുന്നണിയും ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ജനവിധി തേടുവാൻ എനിക്ക് നൽകിയ അവസരത്തിലൂടെ തന്നെ വളരെ സുപ്രധാനമായ ഉത്തരവാദിത്വമാണ് എന്നിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്നത്
തെരഞ്ഞെടുപ്പിൽ ജയപരാജയങ്ങളുണ്ടാകും.
എന്നാൽ എന്നിൽ വിശ്വാസമർപ്പിച്ച ജനങ്ങളോടും നിയോജകമണ്ഡലത്തിലെ മുഴുവൻ വ്യക്തികളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഈ മണ്ഡലത്തിൽ ക്രിയാത്മക പ്രതിപക്ഷമായി നിന്നുകൊണ്ട് ഭരണ മുന്നണിയുടെ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും ഇടവേളകളില്ലാതെ ജനകീയ പ്രശ്നങ്ങൾക്കായി നിലകൊള്ളുകയും ചെയ്യും.
അധികാരത്തിൻ്റെ അപ്പക്കഷണത്തിന് പിന്നാലെ പായുന്നതും ജനാധിപത്യത്തെ ഒറ്റുകൊടുക്കുന്നതുമായ പാരമ്പര്യമല്ല എനിക്കുള്ളത്.
കേരളാ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഉരുക്കുമൂശയിൽതന്നെയാണ് വാർത്തെടുക്കപ്പെട്ടിട്ടുള്ളത്.
ഐക്യജനാധിപത്യ മുന്നണിയും അതിൻറെ പ്രമാണങ്ങളുമാണ് എൻ്റെ പൊതു പ്രവർത്തനത്തിൻ്റെ കാതൽ. അതിന് ഭംഗം വരുത്തുന്ന നടപടികൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടായാലും സംഘടനാപരമായി ചെറുക്കുന്നതിന് മുൻപന്തിയിൽ ഉണ്ടായിരിക്കുമെന്നും പ്രിൻസ് ലൂക്കോസ് പറഞ്ഞു.