തിരുവഞ്ചൂർ ആധുനിക കോട്ടയത്തിന്റെ വികസന ശിൽപ്പി: കെ.സി. ജോസഫ്
സ്വന്തം ലേഖകൻ
കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ ആധുനിക കോട്ടയത്തിന്റെ വികസന ശിൽപ്പിയെന്ന് കെ.സി. ജോസഫ് എം.എൽ.എ. കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ യു.ഡി.എഫ്. കൊല്ലാട് മണ്ഡലത്തിലെ വാഹനപര്യടനം പാറയ്ക്കൽ കടവിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ സുഖദുഃഖങ്ങളിൽ എന്നും ജനങ്ങളോടൊപ്പം ഒരു കുടുംബാംഗമെന്ന നിലയിലും കോട്ടയം മണ്ഡലത്തിലെ നിറസാനിധ്യമായും തിരുവഞ്ചൂർ ജനങ്ങൾക്കിടയിൽ എപ്പോഴുമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കേരളത്തിലെ 140 മണ്ഡലങ്ങളിൽവച്ച ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയത് കോട്ടയം മണ്ഡലത്തിലാണ്. അതിന് ചുക്കാൻ പിടിച്ചത് തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷക്കാലം ഇടതുപക്ഷ സർക്കാരിന് പ്രതിപക്ഷ എം.എൽ.എ മാരോട് ചിറ്റമ്മ നയമായിരുന്നു. ഒരു പുതിയ പദ്ധതിപോലും കോട്ടയത്ത് നടത്താതെ കോട്ടയത്തെ അവർ അവഗണിച്ചു. നമ്മുടെ നാടിന് ആവശ്യം വികസനമാണ്. കോട്ടയം വികസനമെന്തെന്ന് അറിഞ്ഞത് തിരുവഞ്ചൂർ വന്നതിനുശേഷമാണെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിണറായി വിജയന്റെ ഭരണം കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു. പരസ്യങ്ങൾ നൽകി ജനങ്ങളെ കമ്പളിപ്പിക്കുകയാണ് എൽ.ഡി.എഫ്. സർക്കാർ. കഴിഞ്ഞ അഞ്ച് വർഷം കേരളം ഭരിച്ചത് ജനങ്ങളെ വഞ്ചിച്ച സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് കൊല്ലാട് മണ്ഡലം പ്രസിഡന്റ് സിബി ജോൺ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കെ.പി.സി.സി. സെക്രട്ടിമാരായ നാട്ടകം സുരേഷ്, കുഞ്ഞ് ഇല്ലംപള്ളി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്. രാജീവ്, യൂജിൻ തോമസ്, പി.കെ. വൈശാഖ്, ആനിമാമ്മൻ, ജയിൻ ടി മടം, തമ്പാൻ, മിനി ഇട്ടിക്കുഞ്ഞ്, അനിൽകുമാർ, എൻ.എസ്. ഹരിശ്ചന്ദ്രൻ, ജെ.ജി. പാലയ്ക്കലോടി എന്നിവർ പ്രസംഗിച്ചു.
പാക്കിൽ ഭാഗത്തെ ഭവന സന്ദർശനത്തോടെയാണ് കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്നലത്തെ പ്രചാരണ പരിപാടികൾ ആരംഭിച്ചത്. ഓശാന ഞായറായ ഇന്നലെ വിവിധ ദേവാലങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി വിശ്വാസികളോട് വോട്ട് അഭ്യർഥിക്കുകയും കുരുത്തോലപ്പെരുന്നാൾ ആശംസികൾ അറിയിക്കുകയും ചെയ്തു. തുടർന്ന് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ വിവാഹ ചടങ്ങിൽ പങ്കെടുത്തു. വൈകുന്നേരം മൂലേടത്ത് കോൺഗ്രസ് നാട്ടകം മണ്ഡലത്തിലെ ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ പങ്കെടുത്ത ശേഷം കൊല്ലാട് വാഹന പര്യടനത്തിനെത്തി. യു.ഡി.എഫ്. വിജയപുരം മണ്ഡലത്തിലെ വാഹനപര്യടനം ഇന്ന് രാവിലെ 7ന് വിജയപുരം പഞ്ചായത്തിലെ കൊശമറ്റം കോളനിയിൽനിന്ന് ആരംഭിക്കും.