തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂല സാഹചര്യം: ജനങ്ങൾ കോൺഗ്രസിനും യുഡിഎഫിനും വോട്ട് ചെയ്യാൻ തയ്യാർ: ഉമ്മൻ ചാണ്ടി
സ്വന്തം ലേഖകൻ
കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിനും കോൺഗ്രസിനും അനുകൂല സാഹചര്യമാണ് കേന്ദ്രത്തിലും കേരളത്തിലും ഉള്ളതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം.എൽ.എ. കോട്ടയം പാർലമെന്റ് നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കേന്ദ്രത്തിലെ മോദി സർക്കാരിനെയും , കേരളത്തിലെ പിണറായി സർക്കാരിനെയും ജനങ്ങൾക്ക് മടുത്തിരിക്കുന്നു. സംസ്ഥാനത്ത് മൂന്ന് വർഷത്തിനിടെ 30 കൊലപാതകങ്ങളാണ് ഉണ്ടായിരിക്കുന്നത്. എല്ലാ സംഭവത്തിലും ഒരു ഭാഗത്ത് ഭരണകക്ഷിയായ സിപിഎം ഉണ്ടാകും.
ഒട്ടുമിക്ക കൊലപാതക കേസുകളിലും പ്രതിഭാഗത്ത് സി പി എമ്മുണ്ടായിരുന്നു. കേന്ദ്ര സർക്കാരാകട്ടെ വാഗ്ദാനങ്ങൾ അല്ലാതെ ഒന്നും ജനങ്ങൾക്ക് നൽകുന്നില്ല. കർഷക ആത്മഹത്യകളും , വിലക്കയറ്റവും കുതിക്കുകയാണ്. ഇതൊന്നും കേന്ദ്ര സർക്കാരിന് വിഷയമല്ല. ഈ സാഹചര്യത്തിൽ സാധാരണക്കാരായ ജനങ്ങൾ കോൺഗ്രസിനും യുഡിഎഫിനും വോട്ട് ചെയ്യാൻ തയ്യാറായി നിൽക്കുകയാണ്. ഐക്യത്തോടെയും ഒരുമയോടെയും പോയാൽ 20 മണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥി തോമസ് ചാഴിക്കാടനും യോഗത്തിൽ പങ്കെടുത്തു. യു.ഡി.എഫ് ജില്ലാ കൺവീനർ സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എംപി , കെ.സി ജോസഫ് എം.എൽ.എ , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , മോൻസ് ജോസഫ് എം.എൽ.എ , മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് , നഗരസഭ അധ്യക്ഷ ഡോ.പി.ആർ സോന , മുൻ എം എൽ എ ജോസഫ് വാഴയ്ക്കൻ , ജെയ്സൺ ജോസഫ് , ജോസി സെബാസ്റ്റ്യൻ , അനൂപ് ജേക്കബ് , ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് , കുര്യൻ ജോയി , ജോയി എബ്രഹാം , അസീസ് ബഡായി , പി.എസ് ജെയിംസ് , ടി.സി അരുൺ , പൗലോസ് , സനൽ മാവേലി , ജെയ്സൺ ജോസഫ് , ജോബ് മൈക്കിൾ , സണ്ണി തെക്കേടം , സ്റ്റീഫൻ ജോർജ് , ടോമി കല്ലാനി , നാട്ടകം സുരേഷ് , ഫിൽസൺ മാത്യുസ് എന്നിവർ പ്രസംഗിച്ചു.