
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് ഗ്യാരന്റികളെ പരിഹസിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 600 രൂപ പെൻഷൻ പോലും നൽകാൻ കഴിയാത്തവരാണ് ഇപ്പോൾ 3000 രൂപ നൽകുമെന്ന് പറയുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
യുഡിഎഫ് ഭരണകാലത്ത് 600 രൂപയുടെ പെൻഷൻ തന്നെ 18 മാസം കുടിശ്ശികയായിരുന്നുവെന്നും അതിനാൽ യുഡിഎഫിന്റെ പ്രഖ്യാപനങ്ങൾ നടപ്പാകില്ലെന്ന് ജനങ്ങൾക്ക് നന്നായി അറിയാമെന്നും ബാലഗോപാൽ പറഞ്ഞു.
സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാണെന്ന് ആരോപിക്കുന്ന യുഡിഎഫ് നേതാക്കൾ ഇപ്പോൾ വലിയ വാഗ്ദാനങ്ങൾ നൽകുന്നതിൽ വിരോധാഭാസമുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്ന് പറയുന്നവരാണ് 3000 രൂപ പെൻഷൻ നൽകുമെന്ന് പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കെഎസ്‌ആർടിസിയിൽ സൗജന്യ യാത്ര വലിയ പ്രഖ്യാപനം അല്ലെന്നും ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകിയത് എൽഡിഎഫ് സർക്കാരാണെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


