‘ഉദയനാണ് താരം’ നാളെ മുതല്‍; അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

Spread the love

റോഷൻ ആൻഡ്രൂസ്-മോഹൻലാല്‍-ശ്രീനിവാസൻ കൂട്ടുകെട്ടില്‍ ഒരുങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം 20 വർഷങ്ങള്‍ക്ക് ശേഷം 4K ദൃശ്യ മികവോടെ വീണ്ടും തിയേറ്ററുകളിലെത്തുന്നു.

video
play-sharp-fill

ഫെബ്രുവരി ആറിനാണ് ചിത്രത്തിന്റെ റീ റിലീസ്. ഇതിന് മുന്നോടിയായി സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. രാവണപ്രഭു, ഛോട്ടാ മുംബൈ തുടങ്ങിയ മോഹൻലാല്‍ ചിത്രങ്ങള്‍ റീ റിലീസില്‍ നേടിയ വിജയത്തിന് പിന്നാലെ ഉദയനാണ് താരം കൂടി വലിയ നേട്ടം കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

 

സിനിമയ്ക്കുള്ളിലെ സിനിമയെക്കുറിച്ച്‌ പറയുന്ന മികച്ച മലയാള ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഉദയനാണ് താരം, റിലീസ് സമയത്ത് തന്നെ ബോക്‌സ് ഓഫീസിലും പ്രേക്ഷക മനസ്സിലും ഇടം നേടിയിരുന്നു. വീണ്ടും വലിയ സ്‌ക്രീനില്‍ എത്തുമ്പോള്‍ ചിത്രം കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി. കരുണാകരൻ നിർമിച്ച ചിത്രത്തില്‍ ഉദയഭാനുവായി മോഹൻലാലും, സരോജ്കുമാർ എന്ന രാജപ്പനായി ശ്രീനിവാസനും നടത്തിയ പ്രകടനങ്ങള്‍ ഇന്നും പ്രേക്ഷകർക്കിടയില്‍ ഏറെ ജനപ്രിയമാണ്. മീനയാണ് ചിത്രത്തിലെ നായിക. സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത് ശ്രീനിവാസനാണ്.

 

ജഗതി ശ്രീകുമാർ പച്ചാളം ഭാസിയായി കാഴ്ചവെച്ച തകർപ്പൻ പ്രകടനവും, മുകേഷ്, സലിംകുമാർ, ഇന്ദ്രൻസ്, ഭാവന എന്നിവരുടെ വേഷപ്പകർച്ചകളും ചിത്രത്തിന് അധിക ആകർഷണമായി. എസ്. കുമാർ ഛായാഗ്രാഹണം നിർവഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് ദീപക് ദേവ്. ഗാനരചന കൈതപ്രം നിർവഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ഔസേപ്പച്ചൻ ഒരുക്കി. എ. കെ. സുനില്‍ നേതൃത്വം നല്‍കുന്ന ന്യൂ സൂര്യ ഫിലിംസാണ് ചിത്രത്തിന്റെ വിതരണ ചുമതല.

 

അതേസമയം, അവസാനമായി റീ റിലീസ് ചെയ്ത മോഹൻലാല്‍ ചിത്രം റണ്‍ ബേബി റണ്‍ രണ്ടാം വരവില്‍ പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല. ആദ്യ റിലീസില്‍ സൂപ്പർഹിറ്റായിരുന്ന ചിത്രം റീ റിലീസില്‍ ആളെക്കൂട്ടാൻ കഴിയാതെ തിയേറ്ററുകളില്‍ നിന്ന് പിന്മാറുകയായിരുന്നു. ജോഷി സംവിധാനം ചെയ്ത് ഗാലക്‌സി ഫിലിംസിലൂടെ മിലൻ ജലീല്‍ നിർമിച്ച ഈ ചിത്രം 2012ല്‍ 100 ദിവസത്തിലധികം തിയേറ്ററുകളില്‍ ഓടി വൻ വിജയം നേടിയിരുന്നു.

 

ഇതെല്ലാം മറികടന്ന് ഉദയനാണ് താരം റീ റിലീസില്‍ വീണ്ടും ചരിത്രം സൃഷ്ടിക്കുമോ എന്നതാണ് ഇപ്പോള്‍ സിനിമാപ്രേമികളുടെ കൗതുകം.