
കോടികൾ ആസ്ഥിയുള്ള യു.എഇ പൗരൻ തുഷാറിനായി ജാമ്യം നിൽക്കും; കേസിൽ ഒത്തു തീർപ്പിനില്ലാതെ തുഷാർ കേരളത്തിലേയ്ക്ക് പറക്കും; കോടികൾ മറിയുന്ന ചെക്ക് കേസിൽ തുഷാറിന് രക്ഷപെടാൻ വഴി തെളിയുന്നു
സ്വന്തം ലേഖകൻ
അജ്മാൻ: കോടികൾ ആസ്ഥിയുള്ള യുഎഇ പൗരന്റെ പാസ്‌പോർട്ട് പകരം നൽകി ജാമ്യവ്യവസ്ഥയിൽ ഇളവ് നേടി തുഷാർ വെള്ളാപ്പള്ളി നാട്ടിലേയ്ക്ക് മടങ്ങാനുള്ള അവസാന വഴി തേടുന്നു. തുഷാറിന്റെ ചതിയിൽ കുടുങ്ങി ബിസിനസും തകർന്ന ജയിലിലുമായ വ്യവസായി യാതൊരു വിധ ഒത്തു തീർപ്പിനും വഴങ്ങാതെ വന്നതോടെയാണ് പകരം മറ്റൊരു വഴി തുഷാർ വെ്ള്ളാപ്പള്ളി തേടുന്നത്.
യുഎഇ പൗരന്റെ പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചു ജാമ്യ വ്യവസ്ഥയിൽ ഇളവ് നേടാനുള്ള ശ്രമമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിനായി തുഷാർ കോടതിയിൽ അപേക്ഷയും നൽകും. കോടതിക്ക് അകത്തും പുറത്തും വച്ചുള്ള ഒത്തുതീർപ്പു ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിലാണ് തുഷാറിന്റെ പുതിയ നീക്കം. വിചാരണ തീരുന്നത് വരെയോ അല്ലെങ്കിൽ കോടതിക്ക് പുറത്തു കേസ് ഒത്തുതീർപ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യസ്ഥയിലാണ് അജ്മാൻ കോടതി കഴിഞ്ഞ വ്യാഴ്ചച്ച തുഷാറിനു ജാമ്യം അനുവദിച്ചത്. എന്നാൽ, സ്വദേശി പൗരന്റെ ആൾ ജാമ്യത്തിൽ യുഎഇ വിടാൻ കഴിയും എന്നാണ് തുഷാറിന് ലഭിച്ച നിയമോപദേശം. തുഷാറിന്റെ സുഹൃത്തായ യുഎഇ പൗരന്റെ പേരിൽ കേസിന്റെ പവർ ഓഫ് അറ്റോർണി കൈമാറുകയും അതു കോടതിയിൽ സമർപ്പിക്കാനുമാണ് തീരുമാനം. തുഷാറിന്റെ അസാന്നിധ്യത്തിൽ കേസിന്റെ ബാധ്യതകൾ ഏറ്റെടുക്കാൻ സാമ്പത്തിക ശേഷിയുള്ള സ്വദേശിയുടെ പാസ്പോർട്ട് മാത്രമേ സ്വീകാര്യമാവൂ.
സ്വദേശിയുടെ പാസ്പോർട്ടിന്മേലുള്ള ജാമ്യത്തിൽ നാട്ടിലേക്ക് മടങ്ങിയാൽ വിചാരണക്കും മറ്റുമായി കോടതി വിളിപ്പിക്കുമ്പോൾ യു എ ഇയിൽ തിരിച്ചെത്തിയാൽ മതിയാകും. തുഷാർ തിരിച്ച് എത്തുന്നതിൽ വീഴ്ചയുണ്ടായാൽ പാസ്പോർട്ട് ജാമ്യം നൽകിയ സ്വദേശി ഉത്തരവാദിയാകും. ആൾ ജാമ്യത്തിനൊപ്പം കൂടുതൽ തുകയും കോടതിയിൽ കെട്ടിവയ്‌ക്കേണ്ടി വരും നേരത്തേ തുഷാറിനു ജാമ്യം ലഭിക്കുന്നതിനുള്ള തുകയ്ക്കും നിയമസഹായത്തിനും പ്രവാസി വ്യവസായിയുടെ പിന്തുണയുണ്ടായിരുന്നു. പുതിയനീക്കത്തിലും വ്യവസായിയുടെ സഹായമുണ്ടാകുമെന്നാണ് സൂചന.
ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാമെന്ന തുഷാറിന്റെ ശ്രമം വൈകുന്ന സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാനുള്ള നീക്കം. യുഎഇ പൗരന്റെ പാസ്പോർട്ട് കോടതിയിൽ കെട്ടിവച്ച് ജാമ്യ വ്യസ്ഥയിൽ ഇളവ് വാങ്ങി കേരളത്തിലേക്ക് മടങ്ങാനാണ് ശ്രമം. കേസിന്റെ തുടർ നടത്തിപ്പുകൾക്ക് സുഹൃത്തായ അറബിയുടെ പേരിൽ തുഷാർ പവർ ഓഫ് അറ്റോർണി നൽകി കഴിഞ്ഞു. ഇത് കോടതിയിൽ സമർപ്പിക്കും. സ്വദേശിയുടെ പാസ്പോർട് സമർപ്പിച്ചാൽ തുഷാറിന്റെ പാസ്പോര്ട് കോടതി വിട്ടു കൊടുക്കും. ആൾ ജാമ്യത്തിനൊപ്പം കൂടുതൽ തുകയും കോടതിയിൽ കെട്ടി വയ്‌ക്കേണ്ടി വരും.
തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് ഒത്തു തീർപ്പാക്കാൻ അജ്മാൻ പ്രോസിക്യൂട്ടറുടെ മേൽ സമ്മർദ്ദം ശക്തമായിട്ടുണ്ട്. രണ്ട് ദിവസം കഴിഞ്ഞ് കേസ് വിളിക്കുമ്പോൾ ഒത്തുതീർപ്പിലേക്ക് കാര്യങ്ങളെത്താൻ അണിയറയിൽ നീക്കം സജീവമാണ്. ഇതും പൊളിഞ്ഞാൽ മാത്രമേ കേസ് അറബിയെ നിയമപരമായി ഏൽപ്പിച്ച് തുഷാർ യുഎഇയിൽ നിന്ന് മടങ്ങൂ. തുഷാർ വാഗ്ദാനം ചെയ്ത തുക തീരെ കുറവാണെന്ന് പരാതിക്കാരനായ നാസിൽ പറഞ്ഞതോടെയാണ് പ്രോസിക്യൂട്ടറുടെ മധ്യസ്ഥതയിലുള്ള ചർച്ചകൾ ഇന്നലെ പരാജയപ്പെട്ടത്. കോടതിക്ക് പുറത്ത് സമാന്തരമായി ഒത്തുതീർപ്പ് ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിൽ നാസിലിനെ സമ്മർദ്ദത്തിലാക്കാനും ശ്രമമുണ്ട്. എങ്ങനെയെങ്കിലും കേസ് തീർക്കണമെന്ന സന്ദേശമാണ് നാസിൽ അബ്ദുല്ലയ്ക്ക് തുഷാറിന്റെ ആളുകൾ നൽകുന്നത്.
അജ്മാൻ കോടതിയിൽ കേസിന്റെ വിചാരണ നടപടികൾ തിങ്കളാഴ്ച ആരംഭിച്ചിരുന്നു. നാസിലിൽനിന്നുള്ള വിവര-തെളിവ് ശേഖരണമാണ് കോടതിയിൽ നടന്നത്. ചെക്ക് മോഷ്ടിച്ചതാണെന്ന് തുഷാർ കോടതിയിൽ പറഞ്ഞു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് മോഷണസമയത്ത് പരാതിപ്പെട്ടില്ലായെന്ന് കോടതി ചോദിച്ചു. അതിനു പ്രത്യേക പരാതി നൽകാത്തതിനാൽ ആ വാദം ഇപ്പോൾ സ്വീകരിക്കാൻ കഴിയില്ലെന്നും പ്രോസിക്യൂട്ടർ നിലപാടെടുത്തു. ഒത്തുതീർപ്പിന് തയ്യാറുണ്ടോ എന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് തയ്യാറെന്നായിരുന്നു ഇരുവരുടെയും മറുപടി. തുടർന്ന് തുഷാറിനെതിരായ കേസ് പിൻവലിക്കാൻ നാസിൽ ഒരു തുക ആവശ്യപ്പെട്ടു. ആ തുക സ്വീകാര്യമല്ലെന്ന് തുഷാർ പറഞ്ഞു. അതോടെ പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തിൽ ഇന്നു നടന്ന ഒത്തുതീർപ്പ് ചർച്ചകൾ വഴിമുട്ടി.രണ്ടുദിവസം കഴിഞ്ഞ് രണ്ടുപേരെയും വീണ്ടും വിളിക്കാമെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. കോടതി നടപടികൾ അവസാനിച്ചു. കേസ് നീണ്ടു പോയാൽ തുഷാറിന് മടങ്ങാനാവില്ല. ഈ സാഹചര്യത്തിലാണ് സമ്മർദ്ദ തന്ത്രം അതിശക്തമാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിക്ക് പുറത്തെ ഒത്തുതീർപ്പ് ചർച്ചകൾ പുരോഗമിക്കുകയാണ്. നാസിലും തുഷാറും നേരിട്ടുള്ള ചർച്ചയല്ല നടക്കുന്നത്. പകരം ഇരുവരുടെയും ബിസിനസ് സുഹൃത്തുക്കൾ തമ്മിലാണ് ചർച്ച. ചെക്കിലെ മുഴുവൻ പണവും കിട്ടിയാലേ പരാതി പിൻവലിക്കൂ എന്ന നിലപാടിലാണ് നാസിൽ. കേസ് നടപടികൾ നീണ്ടാൽ തുഷാറിന് അനിശ്ചിതമായി യു എ ഇ യിൽ തങ്ങേണ്ടിവരും. ഈ സാഹചര്യത്തിൽ തുഷാർ കോടതിക്ക് പുറത്തെ ഒത്തുതീർപ്പിന് വഴങ്ങുമെന്നാണ് നാസിലിന്റെ പ്രതീക്ഷ. ഇതിനിടെയാണ് കേസ് അറബിയെ ഏൽപ്പിച്ച് സ്ഥലം കാലിയാക്കാനുള്ള നീക്കം തുടങ്ങിയത്. തുഷാറിനൊപ്പം വമ്ബൻ മീനുകളുണ്ട്. അതുകൊണ്ട് തന്നെ യുഎഇയിൽ എന്തും സാധ്യമാകും. ഇതെല്ലാം നാസിലിനും അറിയാം. അതുകൊണ്ട് തന്നെ നക്കാപ്പിച്ച നൽകി കേസിൽ നിന്ന് തടിയൂരാനാണ് തുഷാറിന്റെ ശ്രമം. ഇത് വിലപോവില്ലെന്ന് നാസിലും പറയുന്നു. തർക്കം മൂത്താൽ പ്രശ്ന പരിഹാരത്തിന് തുഷാറിന്റെ അച്ഛൻ വെള്ളാപ്പള്ളി നടേശൻ നേരിട്ട് രംഗത്ത് വരും. ചർച്ചകൾ വെള്ളാപ്പള്ളി നടത്തും.
നാസിലിന്റെ സുഹൃത്തുക്കൾ തുഷാറുമായി ചർച്ചകൾ നടത്തുന്നുണ്ട്. ചെക്കിൽ പറഞ്ഞ തുക എന്തായാലും നൽകാൻ തയ്യാറല്ലായെന്ന് തുഷാർ നാസിലിന്റെ സുഹൃത്തുക്കളെ അറിയിച്ചു. തനിക്ക് നൽകാൻ കഴിയുന്ന തുകയുടെ വിവരവും തുഷാർ നാസിലിന്റെ സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത് സ്വീകാര്യമാണോ എന്ന് നാസിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.