ആത്മഹത്യയ്ക്ക് ശ്രമിച്ച യുഎഇ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷിനെ സസ്പെൻഡ് ചെയ്തു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുഎഇ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. സർവീസ് ചട്ടങ്ങൾ ലംഘിച്ചതിന്‍റെ പേരിലാണ് നടപടി.
യുഎഇ കോൺസുൽ ജനറൽ വിദേശത്തേക്ക് പോയിട്ടും കയ്യിലുണ്ടായിരുന്ന ആയുധമടക്കം ജയഘോഷ് തിരികെ ഏൽപിച്ചില്ല എന്നത് ചട്ടലംഘനമാണെന്ന് നേരത്തേ ജയഘോഷിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, ജയഘോഷിനെതിരെ വധശ്രമമുണ്ടായി എന്ന മൊഴി പൊലീസും വിശ്വാസത്തിലെടുക്കുന്നില്ല. ഇന്ന് ആശുപത്രി വിട്ട ജയഘോഷിന്‍റെ മൊഴി കേരളാ പൊലീസും രേഖപ്പെടുത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോൺസുൽ ജനറലും പിന്നീട് അറ്റാഷെയും ദുബായിലേക്ക് പോയ കാര്യം ഘോഷ് സ്പെഷ്യൽ ബ്രാഞ്ചിനെയോ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിനെയോ അറിയിച്ചില്ലെന്നതാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലെ മുഖ്യ കണ്ടെത്തൽ.
സർവീസ് തോക്ക് മടക്കി നൽകാൻ ജയഘോഷും കോൺസുലേറ്റിൽ ജോലിയിലുണ്ടായിരുന്ന മറ്റൊരു ഗൺമാൻ അഖിലേഷും തയാറായില്ലെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് ഇരുവർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കാനുള്ള ശുപാർശ ഉണ്ടായത്.