
അബുദാബി: ഒമാനിൽ രണ്ട് പേരുടെ മരണത്തിന് കാരണമായ ‘യുറാനസ് സ്റ്റാർ’ കുപ്പിവെള്ളത്തിന്റെ ഉപഭോഗവും വിതരണവും യുഎഇയിൽ നിരോധിച്ചു. ഒക്ടോബർ 10-ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MoCCAE) ട്വീറ്റ് ചെയ്ത മുന്നറിയിപ്പിൽ, ഈ ബ്രാൻഡിന്റെ കുപ്പിവെള്ളമോ മറ്റു ഉൽപ്പന്നങ്ങളോ ഇറക്കുമതി ചെയ്യുന്നതിനോ വ്യാപാരം ചെയ്യുന്നതിനോ ഔദ്യോഗിക അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി. രാജ്യത്തെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഈ ഉൽപ്പന്നങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
അയൽരാജ്യത്ത് യുറാനസ് സ്റ്റാർ കുപ്പിവെള്ളത്തിൽ മലിനീകരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ, പ്രാദേശിക വിപണി സംഭവവികാസങ്ങൾ തുടർച്ചയായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് അടിയന്തര നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. ഓരോ എമിറേറ്റിലെയും പ്രാദേശിക ഭക്ഷ്യ സുരക്ഷാ അധികാരികളുമായി നേരിട്ടുള്ള ഏകോപനം ഈ നടപടികളുടെ ഭാഗമാണ്. ബ്രാൻഡിന്റെ കയറ്റുമതി പെർമിറ്റുകളോ അംഗീകാരങ്ങളോ നൽകിയിട്ടില്ലെന്ന് ഉറപ്പാക്കാൻ നടപടിക്രമങ്ങളും മേൽനോട്ടവും ശക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട്, എല്ലാ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമുള്ള സംയോജിത നിയന്ത്രണ സംവിധാനം പ്രവർത്തിക്കുന്നുqണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.