
അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പ് : ഇംഗ്ലണ്ടിനെ ഒൻപത് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ ; ഫൈനൽ മത്സരം ഞായറാഴ്ച ; ഇന്ത്യയുടെ എതിരാളി ദക്ഷിണാഫ്രിക്ക
ക്വാലാലംപുർ: അണ്ടർ 19 വനിതാ ക്രിക്കറ്റ് ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ ഇംഗ്ലണ്ടിനെ ഒൻപത് വിക്കറ്റിന് തകർത്താണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. 114 റൺസ് പിന്തുടർന്ന ഇന്ത്യ, ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അഞ്ചു ഓവർ ബാക്കിനിൽക്കെ ലക്ഷ്യംകണ്ടു. ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ഞായറാഴ്ചയാണ് മത്സരം.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 113 റൺസായിരുന്നു നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞടുത്ത ഇംഗ്ലണ്ടിന് ഡെവിന പെറിൻ സ്വപ്നതുല്യമായ തുടക്കം നൽകിയെങ്കിലും രക്ഷയുണ്ടായിരുന്നില്ല. 40 പന്തിൽ 45 റണ്ണുമായിനിന്ന പെറിനെ 12-ാം ഓവറിൽ ആയുഷി ശുക്ല പുറത്താക്കുകയായിരുന്നു.
ഇംഗ്ലണ്ടിനുവേണ്ടി ക്യാപ്റ്റൻ അബി നോർഗോവ് (30), അമു സുരൻകുമാർ (14) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യക്കായി പരുനിക സിസോദിയയും വൈഷ്ണവി ശർമ്മയും മൂന്നുവീതവും ആയുഷി ശുക്ല രണ്ട് വിക്കറ്റും വീഴ്ത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓപ്പണർമാരായ ജി.തൃഷ (35), കമാലിനി(56*) എന്നിവരുടെ ഇന്നിങ്സാണ് ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്. 60 റൺസ് കൂട്ടുകെട്ടിനിടെ, ഫോബ് ബ്രെറ്റ് തൃഷയെ പുറത്താക്കിയെങ്കിലും പിന്നീടെത്തിയ സനിക ചൽകെ (11) കമാലിനിക്ക് ഉറച്ച പിന്തുണ നൽകി. 47 റൺസാണ് ഈ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ പിറന്നത്. സ്കോർ: ഇംഗ്ലണ്ട്- 113/8. ഇന്ത്യ- 117/1