ശരീരത്തിന്റെ വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്; തൈറോയ്ഡിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിയാം!
കഴുത്തിൽ ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിന്റെ വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ഈ ഗ്രന്ഥി ഉൽപാദിപ്പിക്കുന്നു. ശരീരത്തിന്‍റെ വളര്‍ച്ചയ്ക്കും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും ഇവ ഏറെ പ്രധാനമാണ്.
സാധാരണയായി രണ്ട് തരത്തിലുള്ള തൈറോയ്ഡ് പ്രശ്നങ്ങളുണ്ട്- ഹൈപ്പർതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം.
ശരീരം വളരെയധികം തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർതൈറോയിഡിസം. ശരീരം വളരെ കുറച്ച് തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം എന്ന് പറയുന്നത്.തൈറോയ്ഡിന്‍റെ ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് നിരവധി പോഷകങ്ങൾ സഹായിക്കുന്നു. ഇത്തരത്തില്‍ തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. അയഡിന്‍
തൈറോയ്ഡ് ഹോർമോണുകളുടെ പ്രധാന ഘടകമായ അയഡിന്‍റെ കുറവ് മൂലം തൈറോയ്ഡ് പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരത്തില്‍ അയഡിന്‍റെ കുറവാണ് ഹൈപ്പോതൈറോയിഡിസത്തിന് കാരണം. ഇതുമൂലം അമിത ക്ഷീണം ഉണ്ടാകാനും ശരീരഭാരം കൂടാനും തലമുടി കൊഴിച്ചിൽ, വിഷാദം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കാനും സാധ്യതയുണ്ട്. ഇതിനെ പരിഹരിക്കാന്‍ അയഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. മത്സ്യം, കക്കയിറച്ചി, പാലുൽപ്പന്നങ്ങൾ, അയോഡൈസ്ഡ് ഉപ്പ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.
2. സെലീനിയം
സെലീനിയം കുറവുള്ളവർക്ക് ഹൈപ്പോതൈറോയിഡിസം ഉണ്ടാകാം. അതിനാല്‍ സെലീനിയം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ബ്രെസീല്‍ നട്സ്, സൂര്യകാന്തി വിത്തുകള്‍, മത്തങ്ങാ വിത്തുകള്‍ തുടങ്ങിയവയില്‍ സെലീനിയം അടങ്ങിയിട്ടുണ്ട്.
3. വിറ്റാമിന്‍ ഡി
തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിന് വിറ്റാമിന്‍ ഡി സഹായിക്കും. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പാല്‍, തൈര്, ബട്ടര്‍, ചീസ്, മുട്ട, ഓറഞ്ച് ജ്യൂസ്, സാൽമൺ മത്സ്യം, കൂണ്‍, ഗോതമ്പ്, റാഗ്ഗി, ഓട്സ്, ഏത്തപ്പഴം തുടങ്ങിയവ കഴിക്കുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
4. അയേണ്‍
ഇരുമ്പിന്‍റെ കുറവ് മൂലവും തൈറോയ്ഡ് ഹോർമോണിന്‍റെ ഉത്പാദനം കുറയാം. അതിനാല്‍ ഹൈപ്പോതൈറോയിഡിസത്തെ തടയാന്‍ അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ചീര, ബ്രൊക്കോളി, ബീറ്റ്റൂട്ട്, മാതളം, ഈന്തപ്പഴം, ചിയ സീഡ്സ് തുടങ്ങിയവയില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നു.
5. സിങ്ക്
സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും തൈറോയ്ഡിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. പയറുവര്‍ഗങ്ങള്‍, ചീര, നട്സ്, സീഡുകള്‍, പാലുൽപ്പന്നങ്ങള്‍, മാംസം, അവക്കാഡോ, മുട്ട, വെളുത്തുള്ളി തുടങ്ങിയവയില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്.
6. മഗ്നീഷ്യം
മഗ്നീഷ്യത്തിന്‍റെ അഭാവം മൂലവും തൈറോയിഡിന്‍റെ ആരോഗ്യം മോശമാകാം. അതിനാല്‍ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. മത്തങ്ങ വിത്തുകൾ, വാഴപ്പം, ചീര, പയര്‍വര്‍ഗങ്ങള്‍, ബദാം, അണ്ടിപ്പരിപ്പ്, ചിയാ സീഡ്, ഫ്ലക്സ് സീഡ്, ഡാര്‍ക്ക് ചോക്ലേറ്റ്, ചുവന്ന അരി, തൈര്, എള്ള്, അവക്കാഡോ തുടങ്ങിയവയിലൊക്കെ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു.