
വീടിന്‍റെ ഗൃഹപ്രവേശത്തിനും രണ്ട് വയസുകാരൻ മകന്‍റെ മാമോദിസയ്ക്കും നാട്ടിലെത്തി ; പുതിയ വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം
പത്തനംതിട്ട: പത്തനംതിട്ട കൊടുമൺ ചന്ദനപ്പള്ളിയിലെ കോട്ടപ്പുറത്ത് ലിജോ ജോയിയുടെയും ലീന ഉമ്മന്‍റേയും കുടുംബങ്ങളും. നാട്ടിൽ പുതിയതായി ഉണ്ടാക്കിയ വീടിന്‍റെ ഗൃഹപ്രവേശത്തിനും രണ്ട് വയസുകാരൻ മകന്‍റെ മാമോദിസയ്ക്കും വിദേശത്ത് നിന്നും നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസമാണ് ലിജോ- ലീന ദമ്പതിമാരുടെ രണ്ടു വയസ്സുള്ള ആൺകുഞ്ഞ് ജോർജ് സഖറിയ പുതിയ വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണു മരിച്ചത്.
അയർലൻഡിലായിരുന്നു ലിജോയും കുടുംബം. പുതിയ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 21-നാണ് അയർലൻഡിൽനിന്ന് ലിജോ കുടുംബസമേതം നാട്ടിൽ എത്തിയത്. കഴിഞ്ഞ രണ്ടാം തീയതി ആയിരുന്നു രണ്ടുവയസുകാരൻ ജോർജിന്‍റെ മാമ്മോദീസ നടത്തിയത്. അഞ്ചാം തീയതി പുതിയ വീടിന്‍റെ ഗൃഹപ്രവേശമായിരുന്നു. ചടങ്ങുകളെല്ലാം കഴിഞ്ഞ് ഈ മാസം 19-ന് തിരികെ അയർലൻഡിലേക്ക് പോകാനിരിക്കെയാണ് കുടുംബത്തെ കണ്ണീരിലാഴ്ത്തി മകന്‍റെ മരണം സംഭവിച്ചത്.
ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്നു ജോർജ്. മകനെ കാണാതായതോടെ വീട്ടുകാർ പുറത്തെത്തി നോക്കിയപ്പോഴാണ് രണ്ടുവയസ്സുകാരൻ വീടിനോട് ചേർന്നുണ്ടായിരുന്ന സ്വിമ്മിങ്പൂളിൽ മരിച്ച് കിടക്കുന്നത് കണ്ടത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കളിച്ചുകൊണ്ടിരുന്ന ജോർജ് അബദ്ധത്തിൽ കുളത്തിൽ വീണതാകാമെന്നാണ് നിഗമനം. സഹോദരങ്ങൾ: ജോൺ, ഡേവിഡ്. സംസ്കാരം വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഇന്ന് മൂന്നിന് ചന്ദനപ്പള്ളി സെയ്ൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ നടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
