ഭർത്താവിനായി ഭാര്യമാർ തല്ലുകൂടി : പൊലീസ് മാന്യമായി ഒത്തുതീർപ്പുണ്ടാക്കി ; പതിനഞ്ചു ദിവസം വീതം ഭർത്താവിനെ പങ്കിടുക
സ്വന്തം ലേഖിക
കൊല്ലം : ഭർത്താവിനായി ഭാര്യമാർ തല്ലുകൂടി. ഒടുവിൽ പോലീസെത്തി പരിഹാരം കണ്ടത് വിചിത്ര നിർദ്ദേശങ്ങൾ യുവതികൾക്ക് നൽകിക്കൊണ്ടാണ്.ഭർത്താവിന് വേണ്ടി വനിതാ കമ്മിഷൻ അദാലത്തിനിടെ യായിരുന്നു പ്രശ്നങ്ങൾ ഉണ്ടായത്.
കൊല്ലം കടയ്ക്കൽ സ്വദേശിയുടെ ഭാര്യമാരാണ് കേസിലെ പരാതിക്കാരിയും എതിർകക്ഷിയും. അദാലത്തിനിടെ പരാതിക്കാരി എതിർകക്ഷിയെ പരസ്യമായി അടിച്ചതോടെ തല്ലുക്കേസിൽ വാദി പ്രതിയുമായി. മുഖത്തിന് അടിയേറ്റ എതിർകക്ഷി നിലത്തു വീണു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇരുവരെയും ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് പരാതി റജിസ്റ്റർ ചെയ്‌തെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
42 വർഷം മുമ്പാണ് കടയ്ക്കൽ സ്വദേശി പരാതിക്കാരിയെ വിവാഹം ചെയ്തത്. പിന്നീട് ഇവർ തമ്മിൽ പിണങ്ങുകയും, ഭാര്യ വിദേശത്തേക്ക് പോകുകയും ചെയ്തു. ഇതിനു ശേഷം, ഇയാൾ രണ്ട് കുട്ടികളുടെ അമ്മയും വിധവയുമായ സ്ത്രീയെ വീണ്ടും വിവാഹം ചെയ്തു. 23 വർഷം മുൻപായിരുന്നു ആ വിവാഹം. ഇവർ കുടുംബമായി ജീവിക്കുന്നതിനിടെ വിദേശത്തു നിന്നും മടങ്ങിയെത്തിയ ആദ്യഭാര്യ ഭർത്താവിനെ ആവശ്യപ്പെടുകയായിരുന്നു. ഭർത്താവിനെ വിട്ടുനൽകുന്നില്ലെന്നും പിടിച്ചുവച്ചിരിക്കുന്നുവെന്നും കാട്ടി ആദ്യഭാര്യ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലും വനിതാ കമ്മിഷനിലും പരാതി നൽകി.
ഒടുവിൽ പലവിധത്തിലുള്ള അനുനയതന്ത്രങ്ങളും പൊലീസ് നടത്തിയെങ്കിലും ഭാര്യമാർ അതിനു വഴങ്ങിയില്ല. ‘മാസത്തിലെ 15 ദിവസം ആദ്യഭാര്യയ്ക്കൊപ്പവും 15 ദിവസം രണ്ടാം ഭാര്യയ്ക്കൊപ്പവും ഭർത്താവ് താമസിക്കുക’ എന്ന വ്യവസ്ഥയിൽ സമ്മതമാണോ എന്ന് പോലീസ് ചോദിച്ചെങ്കിലും സമ്മതിച്ചില്ലെന്നു രണ്ടാംഭാര്യയും വനിതാ കമ്മിഷൻ കേസിലെ എതിർകക്ഷിയുമായ സ്ത്രീ പറഞ്ഞു. വനിതാ കമ്മിഷന്റെ അടുത്ത അദാലത്തിൽ ഭർത്താവും മക്കളും ഹാജരാകാൻ നോട്ടിസ് നൽകുമെന്നു വനിതാ കമ്മിഷൻ അറിയിച്ചു.