
ബലിതർപ്പണത്തിന് പോയി മടങ്ങിയയാളെ മർദിച്ച് അവശനാക്കി മൊബൈല്‍ഫോൺ തട്ടിയെടുത്തു ; രണ്ടുപേർ അറസ്റ്റിൽ
തിരുവല്ല : കർക്കിടക വാവ് ബലിതർപ്പണത്തിന് പോയി മടങ്ങിയയാളെ മർദിച്ച് അവശനാക്കിയ ശേഷം 12000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ച സംഭവത്തില്‍ രണ്ടുപേരെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു.
പൊടിയാടി ഐക്കര തെക്കേതില്‍ രാജേഷ് കുമാർ (40), പൊടിയാടി പടിഞ്ഞാശ്ശേരില്‍ കൊച്ചുമോൻ എന്ന് വിളിക്കുന്ന ശിവാനന്ദൻ (56) എന്നിവരാണ് പിടിയിലായത്.
ഇരവിപേരൂർ പാടത്തും പാലം ഏട്ടമല വീട്ടില്‍ രാജീവിനെ (43) ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവർന്ന സംഭവത്തിലാണ് പ്രതികള്‍ പിടിയിലായത്. കർക്കിടക വാവ് ബലി ദിനമായ മൂന്നാം തീയതി ഉച്ചയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. നട്ടെല്ലിന് പ്രശ്നമുള്ള രാജീവ് തൃക്കുന്നപ്പുഴയിലെ ബലിതർപ്പണ ചടങ്ങുകള്‍ക്ക് ശേഷം മടങ്ങി വരവേ പുളിക്കീഴ് പാലത്തിന് സമീപമുള്ള കടയില്‍ വിശ്രമിക്കാൻ ഇറങ്ങി. ഈ സമയം മദ്യപിച്ച് ഓട്ടോറിക്ഷയില്‍ എത്തിയ പ്രതികള്‍ അപ്രതീക്ഷിതമായി രാജീവിനെ ആക്രമിച്ച് മൊബൈല്‍ ഫോണുമായി കടന്നു കളയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് രാജീവ് പുളിക്കീഴ് പൊലീസില്‍ പരാതി നല്‍കി. എസ്.എച്ച്.ഒ അജിത് കുമാറിന്റെ നിർദേശപ്രകാരം എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ ബുധനാഴ്ച വൈകിട്ടോടെ പിടികൂടിയത്.
ആക്രമണത്തിന് ഇരയായ രാജീവ് ഇന്ന് രാവിലെ പൊലീസ് സ്റ്റേഷനില്‍ എത്തി പ്രതികളെ തിരിച്ചറിഞ്ഞു. സംഭവം നടന്ന പുളിക്കീഴ് പാലത്തിന് സമീപത്തെ കാട്ടില്‍ നിന്നും ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.