
സഹോദരനുമായി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായി ; രണ്ടര വയസുകാരൻ കടലിൽ മുങ്ങി മരിച്ച നിലയിൽ
തൃശൂർ: കൈപ്പമംഗലം കൂരിക്കുഴി കമ്പനിക്കടവ് ബീച്ചിൽ പിഞ്ചുകുഞ്ഞ് കടലിൽ വീണ് മരിച്ച നിലയിൽ. മുറ്റിച്ചൂർ സ്വദേശി കുരുക്കിപീടികയിൽ നാസറിന്റെയും ഷാഹിറയുടെയും മകനായ അഷ്ഫാഖ് (രണ്ടര വയസ്സ്) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആണ് സംഭവം. കമ്പനിക്കടവ് ബീച്ചിലുള്ള കുഞ്ഞുമ്മയുടെ വീട്ടിൽ എത്തിയതായിരുന്നു നാസറും കുടുംബവും. സഹോദരനുമായി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതാവുകയായിരുന്നു.
കുഞ്ഞിനെ കാണാതായതോടെ നടത്തിയ തെരച്ചിലിനിടെ ബീച്ചിലുണ്ടായിരുന്ന ഐസ് വിൽപ്പനക്കാരൻ ആണ് അഷ്ഫാഖിനെ കടലിൽ വീണ് മരിച്ച നിലയിൽ കടപ്പുറത്ത് നിന്നും കണ്ടെത്തിയത്. ഉടൻ തന്നെ ചെന്ത്രാപ്പിന്നി ആൽ ഇക്ബാൽ ആശുപത്രിയിലും കൊടുങ്ങല്ലൂർ എആർ ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് വയസുകാരനായ മൂത്ത സഹോദരനോടൊപ്പം അയൽ വീട്ടിലേക്ക് പോയതായിരുന്നു അഷ്ഫാഖ് എന്നാണ് വിവരം. ഇതിനിടയിൽ വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് വീടിന് സമീപമുള്ള വഴിയിലൂടെ കടലിലേക്ക് ഇറങ്ങുകയായിരുന്നു എന്നാണ് കരുതുന്നത്.