
കോട്ടയം: ഒരേ പരീക്ഷയില്‍ ഒരേ മാര്‍ക്കോടെ ഒന്നാം റാങ്ക് പങ്കുവെച്ച് കോട്ടയത്തെ ഇരട്ട സഹോദരിമാര്‍. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശികളായ ലിസ മറിയം ജോർജിനും ലിയ ട്രീസ ജോർജിനുമാണ് അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.
മഹാത്മാഗാന്ധി സർവകലാശാലയിലെ ബിഎ ഇംഗ്ലീഷ് ലാഗ്വേജ് ആന്റ് ലിറ്ററേച്ചർ ടു ടീച്ചിങ് കോഴ്സിലാണ് ഈ ഇരട്ട സഹോദരിമാര്‍ക്ക് ഒരേ മാര്‍ക്കോടെ ഒന്നാം റാങ്ക് ലഭിച്ചത്.
ഒരുമിച്ച് ജനിച്ച്, ഒരുമിച്ച് പഠിച്ച്, ബിരുദ പരീക്ഷയിൽ ഒരേ റാങ്ക് നേടി തിളങ്ങിയിരിക്കുകയാണ് കോട്ടയത്തെ ഇരട്ട സഹോദരിമാർ. കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളേജിലെ വിദ്യാർഥികളായ ഇരുവരും 8.43 പോയിൻ്റും എ ഗ്രേഡും നേടിയാണ് ബിരുദം പൂർത്തിയാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്താം ക്ലാസിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ഇവർ പ്ലസ് ടുവിൽ അഞ്ച് എ പ്ലസും ഒരു എ ഗ്രേഡും നേടി ഒരുമിച്ചാണ് വിജയിച്ചുകയറിയത്. പ്ലസ് ടുവിൽ ഒരേ വിഷയത്തിന് തന്നെയാണ് ഇരുവര്‍ക്കും എ പ്ലസ് നഷ്ടമായത്.
പൊടിമറ്റം വെട്ടിക്കൽ രാജു മാത്യുവിൻ്റെയും ഹയർ സെക്കൻഡറി അധ്യാപികയായ റീന രാജുവിൻ്റെയും മക്കളാണ് ലിസ മറിയം ജോർജും ലിയ ട്രീസ ജോർജും. സര്‍ക്കാര്‍ ജോലി നേടണം എന്നാണ് ഇരുവരുടെയും ആഗ്രഹം. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ലിസയും ലിയയും. ജോലിയും ഒരുമിച്ച് ലഭിക്കണം എന്നാണ് ഇരുവരുടെയും ആഗ്രഹം.