തിരുവനന്തപുരത്ത് സ്ത്രീയെ ആക്രമിച്ച സംഭവം; അക്രമി സഞ്ചരിച്ച സ്കൂട്ടര്‍ കണ്ടെത്താന്‍ ട്രയല്‍ റണ്‍ നടത്താന്‍ പൊലീസ്; സിസിടിവികള്‍ക്ക് മുന്നിലൂടെ സ്കൂട്ടര്‍ ഓടിച്ച് ദൃശ്യങ്ങള്‍ പരിശോധിക്കും
സ്വന്തം ലേഖിക
തിരുവനന്തപുരം: തിരുവനന്തപുരം മൂലവിളാകത്ത് നടുറോഡില്‍ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി സഞ്ചരിച്ച സ്കൂട്ടര്‍ കണ്ടെത്താന്‍ ട്രയല്‍ റണ്‍ നടത്താന്‍ പൊലീസ്.
അക്രമിയോടിച്ച സ്കൂട്ടര്‍ ഏതെന്ന് കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അടുത്ത ദിവസം രാത്രിയിലെ ട്രയല്‍ റണ്‍ നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂലവിളാകത്ത് രാത്രിയില്‍ നടുറോഡില്‍ സ്ത്രീ ആക്രമിക്കപ്പെട്ടിട്ട് 16 ദിവസമായിട്ടും അക്രമിയെ കുറിച്ച് ഒരു വിവരവും ഇല്ല. വാഹനം കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവെങ്കിലും അക്രമി പോകുന്ന സ്കൂട്ടര്‍ ഏത് കമ്പനിയുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
അക്രമിയുടെ മുഖവും വ്യക്തമല്ല. ദൃശ്യങ്ങള്‍ പല വാഹന കമ്പനികളെ കാണിച്ചുവെങ്കിലും വ്യത്യസ്ത അഭിപ്രായമാണ് വന്നത്. ഡിയോ സ്കൂട്ടറാണെന്നും വെള്ള നിറമോ നീലനിറമോ ആകായേക്കാമെന്നുളള അഭിപ്രായങ്ങളുണ്ടായി.
ഇതില്‍ വ്യക്തവരുത്താനാണ് സംഭവം നടന്ന സമയം രാത്രിയില്‍ വിവിധ സ്കൂട്ടറുകള്‍ കൊണ്ടുവന്ന് ട്രയല്‍ റണ്‍ നടത്തുന്നത്.
വ്യക്തതയുള്ള സിസിടിവികള്‍ക്ക് മുന്നിലൂടെ അക്രമിസഞ്ചരിച്ചതുപോലെ സ്കൂട്ടര്‍ ഓടിച്ച് ആ ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ച് ഏത് സ്കൂട്ടറാണെന്ന് വ്യക്തവരുത്തുകയാണ് ലക്ഷ്യം.
സ്കൂട്ടര്‍ കമ്പനികളുടെ ഉദ്യോഗസ്ഥരും ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലിസുമായി സഹകരിക്കും. സമാനമായി രീതിയില്‍ വാഹന പരിശോധനയിലൂടെയാണ് എകെജി സെന്‍റര്‍ ആക്രണക്കേസിലെ പ്രതിയിലേക്ക് പൊലിസ് എത്തിയത്.
എന്നാല്‍ അക്രമിസഞ്ചരിച്ചത് ഡിയോ സ്കൂട്ടറാണെന്ന് വ്യക്തമായിട്ടും ആദ്യ ഘട്ടത്തില്‍ എകെജി സെന്‍റര്‍ ആക്രമിച്ച പ്രതിയിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. സ്കൂട്ടറിൻ്റെ നമ്പര്‍ വ്യക്തമാകാതിരുന്നതാണ് പ്രതിയിലേക്കെത്താന്‍ വൈകിയത്.