
തിരുവനന്തപുരം: എസ് ഐക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയ മുന്‍ വിരോധത്താല്‍ വ്യാജ ദൃക്‌സാക്ഷിയെയും വ്യാജ തൊണ്ടിയും സൃഷ്ടിച്ച് വഞ്ചിയൂര്‍ പൊലീസ് കാട്ടിയ കടുംകൈ പൊളിഞ്ഞു. സ്റ്റേഷനിലെ തൂപ്പുകാരിയെ കള്ളസാക്ഷിയാക്കി തിരുമല സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മുരുകനെ തിരുവനന്തപുരം പോക്‌സോ കോടതി വെറുതെ വിട്ടു. വ്യക്തിവിരോധം തീര്‍ക്കാന്‍ വേണ്ടി എസ്‌ഐ കളിച്ചപ്പോള്‍, മുരുകന്‍ അനുഭവിച്ച ദുരിതത്തിന് കണക്കില്ല.
‘ഇനി ജീവിക്കണ്ട എന്നു കരുതി പല തവണ ആത്മഹത്യക്ക് ആലോചിച്ചു. പക്ഷേ മകളുടെ മുഖം ഓര്‍ത്തപ്പോള്‍ കഴിഞ്ഞില്ല”- ഓട്ടോ ഡ്രൈവര്‍ മുരുകന്‍ പറയുന്നു. പത്തുവര്‍ഷത്തെ നിയമയുദ്ധത്തിന് ഒടുവിലാണ് മുരുകന് നീതി കിട്ടിയതെന്ന് ഓര്‍ക്കണം.
2011 ജനുവരിയിലാണ് സംഭവം. രാത്രിഓട്ടത്തിന് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പേരെഴുതിയിടാനെത്തിയതായിരുന്നു തിരുമല സ്വദേശിയും തമ്പാനൂര്‍ ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാവുമായ മുരുകന്‍. നിലവിളിശബ്ദം കേട്ട് അകത്തേക്ക് ചെല്ലുമ്പോള്‍, പൊലീസ് രണ്ടു വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നു. മുരുകന്‍ ഉടന്‍ പൊലീസ് കമ്മിഷണര്‍ ഓഫീസില്‍ വിളിച്ചുപറഞ്ഞു. എസ്.എഫ്.ഐ. പ്രവര്‍ത്തകരായ തങ്ങളെ പൊലീസ് ജീപ്പിന് സൈഡ് നല്‍കാത്തതിനാണ് കസ്റ്റഡിയിലെടുത്തതെന്ന് ആ വിദ്യാര്‍ത്ഥികള്‍ മുരുകനോട് പറഞ്ഞിരുന്നു. അന്വേഷണത്തിനായി അടുത്ത ദിവസം സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസില്‍ നിന്നും രണ്ടു പൊലീസുകാര്‍ മുരുകനെ തേടിയെത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊട്ടടുത്ത അടുത്ത ദിവസങ്ങളില്‍ മുരുകനെതിരേ തമ്പാനൂര്‍ പൊലീസ് ഒരു പോക്‌സോ കേസെടുത്തു. മുരുകന്റെ ഓട്ടോറിക്ഷയില്‍ ഒരു വിദ്യാര്‍ത്ഥിയുടെ സൈക്കിള്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം പോക്‌സോ കേസായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മറ്റൊരാവശ്യം പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി അറസ്റ്റ് ചെയ്തു. റിമാന്‍ഡ് ചെയ്ത് ജയിലിലായി.
അന്ന് തമ്പാനൂര്‍ സ്റ്റേഷനില്‍ എസ്‌ഐ. ആയിരുന്ന ശിവകുമാറിനെതിരേയാണ് മുരുകന്‍ കമ്മിഷണര്‍ ഓഫീസില്‍ മൊഴി നല്‍കിയത്. പോക്‌സോ കേസല്ല തങ്ങള്‍ നല്‍കിയതെന്ന് വാദി തന്നെ പറഞ്ഞതോടെ മുരുകനെ വെറുതേവിട്ടു. ആദ്യ കേസില്‍ ജാമ്യത്തിലിറങ്ങിയ മുരുകന്‍ 2011 ജനുവരി 25-ന് പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം വിളിച്ചു.
തനിക്കെതിരേ എടുത്ത കേസ് വ്യാജമാണെന്നും എസ്‌ഐ. വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും തുറന്നടിച്ചു. വാര്‍ത്ത പത്രങ്ങളില്‍ വന്നതിന്റെ തൊട്ടടുത്ത ദിവസം വഞ്ചിയൂര്‍ സ്റ്റേഷനിലേക്ക് പെറ്റിക്കേസുണ്ടെന്ന പേരില്‍ വിളിച്ചുവരുത്തി അടുത്ത പോക്‌സോ കേസില്‍ മുരുകനെ അറസ്റ്റു ചെയ്തു. പൊലീസിനെതിരേ പരാതി പോയാല്‍ ഇതായിരിക്കും അനുഭവമെന്ന് അന്നത്തെ വഞ്ചിയൂര്‍ എസ്‌ഐ. മോഹനന്‍ മുന്നറിയിപ്പ് നല്‍കി.
ആദ്യ കേസിനുശേഷം ജാമ്യത്തിലിറക്കാന്‍ ചില സുഹൃത്തുക്കളും ബന്ധുക്കളും തയ്യാറായെങ്കിലും രണ്ടാമത്തെ കേസോടെ എല്ലാവരും മുരുകനെ ഒഴിവാക്കി. ജാമ്യമെടുക്കാന്‍ ആളില്ലാതായതോടെ മാസങ്ങളോളം ജയിലില്‍ കിടന്നു. പോക്‌സോ കേസായതിനാല്‍ പാര്‍ട്ടിയും കൈവിട്ടു. ഭാര്യയും ഏക മകളും മാത്രം തുണ. മാസങ്ങള്‍ക്ക് ശേഷം സുഹൃത്തുക്കളായ മോഹനനും വേണുവും ചേര്‍ന്ന് ജാമ്യത്തിലിറക്കി. പിന്നീടങ്ങോട്ടുള്ള ജീവിതത്തിലെ കഷ്ടപ്പാട് പറഞ്ഞാല്‍ തീരില്ല. രാത്രി വൈകി കടത്തിണ്ണകളില്‍ ഉറങ്ങാന്‍ കിടക്കും. ശ്രീകണ്‌ഠേശ്വരം കുളത്തില്‍ പോയി കുളിക്കും. പോക്‌സോ കേസ് പ്രതിയെന്ന് പലരും തിരിച്ചറിഞ്ഞതോടെ കടത്തിണ്ണയിലെ ഉറക്കവും ഇല്ലാതായി പിന്നെ നാഗര്‍കോവില്‍ ബസില്‍ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തായിരുന്നു രാത്രി കഴിച്ചുകൂട്ടിയത്.
കോടതിയില്‍ സംഭവിച്ചത്
വ്യാജ ദൃക്‌സാക്ഷിയെയും വ്യാജ തൊണ്ടിയും സൃഷ്ടിച്ച് വഞ്ചിയൂര്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച പ്രകൃതി വിരുദ്ധ പീഡനക്കേസില്‍ മുരുകനെ തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എംപി.ഷിബു നിരുപാധികം വിട്ടയയ്ക്കുകയായിരുന്നു. 5 വര്‍ഷമായി സ്റ്റേഷന്‍ തൂപ്പുകാരിയായ ഗോമതിയെ വ്യാജ ദൃക്‌സാക്ഷിയാക്കി. ക്രൈം എസ് ഐ സി. മോഹനന്റെ നിര്‍ദ്ദേശപ്രകാരമാണ് തന്നെ സാക്ഷിയാക്കിയതെന്ന് ഗോമതി വിചാരണയില്‍ മൊഴി നല്‍കിയത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതായും കോടതി നിരീക്ഷിച്ചു. നട്ടു പിടിപ്പിച്ച സാക്ഷിയെന്ന് വിശേഷിപ്പിച്ചാണ് കോടതി അന്വേഷണ ഉദ്യോഗസ്ഥനായ വഞ്ചിയൂര്‍ പൊലീസ് ക്രൈം എസ്‌ഐ യെ രൂക്ഷമായി വിമര്‍ശിച്ചത്.
വ്യാജ അടിവസ്ത്ര കളി വഞ്ചിയൂര്‍ പൊലീസ് കാട്ടിയതിനും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജട്ടിയില്‍ കണ്ട സെമന്‍, സ്‌പെര്‍മറ്റസോവ ഉമിനീര്‍ എന്നിവ പ്രതിയുടേതല്ലെന്ന് കെമിക്കല്‍ എക്‌സാമിര്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. എങ്കില്‍ പിന്നെ അവ എസ് യുടേതാണോ എന്ന് വാക്കാല്‍ കോടതി പരിഹസിച്ചു. കള്ളക്കേസുണ്ടാക്കാന്‍ പൊലീസ് അതും ചെയ്യുമെന്ന് പ്രതി ഭാഗം ബോധിപ്പിച്ചു. വിപണിയില്‍ പ്രചാരത്തിലില്ലാത്ത ’55 ടോപ്പ് ‘ എന്ന പേരിലുള്ള ഫുട്പാത്തില്‍ വിറ്റഴിക്കുന്ന വില കുറഞ്ഞ രണ്ടു ജട്ടികളാണ് വഞ്ചിയൂര്‍ എസ് ഐ ഇരയായ 16 കാരന്റേതെന്നും പ്രതിയുടേതെന്നും രേഖപ്പെടുത്തി തൊണ്ടിയായി കോടതിയില്‍ ഹാജരാക്കിയത്. ഇരയായി ചിത്രീകരിച്ച പ്ലസ്’ ടു വിദ്യാര്‍ത്ഥിയുടെ പ്രഥമ വിവരമൊഴിയിലും കോടതിയില്‍ നല്‍കിയ മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നും കോടതി കണ്ടെത്തി.
2011 ജനുവരി 24 ന് തമ്പാനൂര്‍ എസ് ഐ സജികുമാറിനെതിരായും വഞ്ചിയൂര്‍ ക്രൈം എസ് ഐ സി.മോഹനനെതിരായും താന്‍ വാര്‍ത്താസമ്മേളനം നടത്തിയ വാര്‍ത്ത 25 ന് പുറത്തിറക്കിയ ദിനപ്പത്രത്തില്‍ വന്ന വാര്‍ത്ത കോടതി പ്രതിഭാഗം തെളിവായി സ്വീകരിച്ചു. പത്രവാര്‍ത്ത വന്ന വിരോധത്താല്‍ 25 ന് വൈകിട്ട് 4 മണിക്ക് എസ് ഐ തന്നോട് നേരിട്ട് ‘ താമസിയാതെ നിന്നെ അഴിക്കുള്ളിലാക്കുമെന്ന് ‘ ഭീഷണി സ്വരത്തില്‍ പറഞ്ഞതായും പ്രതി കോടതിയില്‍ മൊഴി നല്‍കി. പിറ്റേന്ന് 26 ന് 4 മണിക്ക് ഒരു പ്ലസ് റ്റു വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന് കാട്ടി എഫ് ഐ ആര്‍ എടുത്ത് 7.30 ന് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു.