
തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം; വിജിലന്‍സ് അന്വേഷണം; ഡി ആര്‍ അനിലിന്റെ കത്തിലും അന്വേഷണം
തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ താത്കാലിക ഒഴിവുകളിലേക്കുള്ള നിയമനത്തിന് പാര്‍ട്ടിക്കാരുടെ പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ കത്ത് നല്‍കിയെന്ന വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം.
നിയമനവുമായി ബന്ധപ്പെട്ട് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനിലിന്റെ കത്തിലും അന്വേഷണം നടത്താന്‍ വിജിലന്‍സ് മേധാവിയാണ് ഉത്തരവിട്ടത്. ഇതില്‍ ഏതെങ്കിലും തരത്തില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് പ്രാഥമിക പരിശോധന നടത്താനാണ് വിജിലന്‍സ് മേധാവി നിര്‍ദേശിച്ചത്.
ഉപയോഗിച്ച ലെറ്റര്‍ പാഡ് എഡിറ്റ് ചെയ്ത് തയ്യാറാക്കിയ കത്താണ് പ്രചരിച്ചതെന്നാണ് മേയര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. എന്നാല്‍ പ്രചരിക്കുന്ന കത്ത് എഴുതിയത് താനാണെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും അത് പ്രചരിച്ചത് എങ്ങനെയാണ് എന്നതിനെ സംബന്ധിച്ച് പൊലീസ് അന്വേഷിക്കണമെന്നതാണ് ഡി ആര്‍ അനിലിന്റെ നിലപാട്. കത്ത് എഴുതിക്കഴിഞ്ഞപ്പോള്‍ അത് ശരിയല്ലെന്ന് തോന്നുകയും കൊടുത്തില്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ, തിരുവനന്തപുരം കോര്‍പ്പറേഷന്‍ കത്തു വിവാദത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. താന്‍ പരാതി മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. സര്‍ക്കാരിലും മുഖ്യമന്ത്രിയിലും വിശ്വാസമുണ്ട്. അതില്‍ അന്വേഷണം കൃത്യമായി നടക്കുന്നുണ്ട് എന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു.