കോളേജ് ഹോസ്റ്റലുകളിൽ കയറി മൊബൈലുകളും ലാപ് ടോപ്പുകളും കവർന്ന കേസ് ; രണ്ടുപേർ അറസ്റ്റിൽ; മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടന്ന് വീണ്ടും മോഷണം നടത്തുന്നതാണ് പ്രതികളുടെ രീതി; പിടിയിലായവരിൽ പ്രായപൂർത്തിയാകാത്തയാളും
തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടന്ന് കോളേജ് ഹോസ്റ്റലുകളിൽ കയറി മൊബൈലുകളും ലാപ് ടോപ്പുകളും കവർന്ന കേസിൽ പ്രതികളെ പൊലീസ് പൊക്കി. പ്രായപൂർത്തിയാകാത്ത ഒരാളടക്കം രണ്ടു പേരാണ് പൊലീസിന്‍റെ പിടിയിലായത്.
കഴക്കൂട്ടം കരിയിൽ സ്വദേശി സുജിത്തും (19) പ്രായപൂർത്തിയാകാത്ത ഒരു ആണ്‍കുട്ടിയെയുമാണ് ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം ശ്രീകാര്യം ഗവണ്‍മെന്‍റ്എഞ്ചിനീയറിംഗ് കോളേജിലെ മെൻസ് ഹോസ്റ്റലിൽ നിന്നാണ് ഇവർ മൊബൈലുകളും ലാപ് ടോപ്പുകളും കവർന്നത്.
കഴിഞ്ഞ മാസം എട്ടാം തീയതി വൈകുന്നേരമാണ് മോഷണം നടന്നത്. വിദ്യാർത്ഥികൾ കാണാതെ ഇരുവരും കോളേജ് ഹോസ്റ്റലിൽ കയറി. തുടർന്ന് പൂട്ടിയിടാത്ത നാല് മുറികളിൽ കയറി അഞ്ച് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഹോസ്റ്റലിലെയും സമീപ പ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സൈബർ സെല്ലിന്‍റെ സഹായത്തോടുകൂടിയാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. പാളയം ഭാഗത്ത് നിന്നും മോഷ്ടിച്ച ബൈക്കിലെത്തിയാണ് ഇരുവരും എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ എത്തി മോഷണം നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഷ്ടിച്ച മൊബൈൽ ഫോണുകൾ ബീമാപള്ളിക്ക് സമീപമുള്ള ഒരു കടയിൽ വിൽക്കുകയായിരുന്നു. ലാപ്ടോപ്പ് കഴക്കൂട്ടം ഭാഗത്തുള്ള തെറ്റിയാർ തോട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു. പ്രതികളെ ചോദ്യം ചെയ്തതിൽ ആറുമാസം മുൻപ് പാങ്ങപ്പാറയിൽ നിന്നും മോഷണം ചെയ്തെടുത്ത സ്കൂട്ടറിൽ അമ്പാടി നഗറിലുള്ള മറ്റൊരു ഹോസ്റ്റലിൽ കയറി ലാപ്ടോപ്പും മൊബൈൽ ഫോണും മോഷണം നടത്തിയതായി ഇരുവരും സമ്മതിച്ചു. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.