തുരത്തിയിട്ടും അകലാതെ പക്ഷിക്കൂട്ടങ്ങള്‍ ; പക്ഷിപ്പേടിയിൽ വലഞ്ഞ് തിരുവനന്തപുരം വിമാനത്താവളം

Spread the love

തിരുവനന്തപുരം : പക്ഷിയിടിയെ തുടർന്നുണ്ടായ വിമാനാപകടം ചർച്ചയാകുമ്ബോള്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ സാഹചര്യങ്ങളിലും ആശങ്ക തുടരുന്നു.

കാലങ്ങളായി തിരുവനന്തപുരം വിമാനത്താവളം പക്ഷിയിടിഭീഷണിയുടെ നിഴലിലാണ്. വിമാനത്താവള പരിസരത്ത് ഇറച്ചിമാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതാണ് പക്ഷികളുടെ ശല്യം വർധിക്കാൻ കാരണം. ഇതു നേരിടാൻ കോർപ്പറേഷനും വിമാനത്താവള അധികൃതരും ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും പക്ഷികളെ പൂർണമായി തുരത്താൻ കഴിഞ്ഞിട്ടില്ല. വിമാനപാതയിലെ പക്ഷിക്കൂട്ടങ്ങളുടെ ഭീഷണി തുടരുന്നതില്‍ പൈലറ്റുമാരും ആശങ്കയിലാണ്. ഇത് സംബന്ധിച്ച്‌ പൈലറ്റുമാർ പലഘട്ടങ്ങളിലും എയർട്രാഫിക് കണ്‍ട്രോള്‍ വഴി തങ്ങളുടെ പരാതിയും ആശങ്കയും അറിയിച്ചിട്ടുണ്ട്.

 

ദക്ഷിണകൊറിയയില്‍ കഴിഞ്ഞദിവസം വിമാനം തീപിടിച്ച്‌ കത്തി 179 പേരുടെ ജീവൻ നഷ്ടമായ അപകടത്തിന്റെ കാരണം പക്ഷിയിടിയുമുണ്ടെന്ന് സംശയിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്തും ഇറങ്ങുന്നതിനും പുറപ്പെടാൻ തയ്യാറായ വിമാനങ്ങളിലും പരുന്തും മൂങ്ങയുമുള്‍പ്പെട്ട പക്ഷികള്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തെ തുടർന്ന് യാത്ര റദ്ദാക്കിയ ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ മേയ് 25-ന് ഇറങ്ങാനെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ഇടതുഭാഗത്തുള്ള എൻജിനില്‍ കൊക്ക് ഇടിച്ചുകയറിയിരുന്നു.

 

പക്ഷിയിടി കുറഞ്ഞെന്ന് അധികൃതർ

വിമാനത്താവളത്തിനുള്ളിലും വിമാനപാതയിലുമെത്തുന്ന പക്ഷികളെ തുരത്തുന്നതിന് ബേർഡ് സ്കെയർസ് എന്ന ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. പടക്കങ്ങളും റോക്കറ്റുകളും ഉപയോഗിച്ചാണ് നിലവില്‍ ഇവയെ തുരത്തുന്നത്.

വിമാനമെത്തുന്നതിനുമുൻപ് റണ്‍വേയിലും വിമാനപാതയിലും തുടർച്ചയായി ഇത്തരം വലിയ ശബ്ദ ആവൃത്തിയുള്ള പടക്കങ്ങള്‍ ഉപയോഗിച്ചാണ് പക്ഷികളെ തുരത്തുന്നതെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. അറവുശാലകളില്‍നിന്നു വിമാനപാതയ്ക്കടുത്ത് മാംസാവശിഷ്ടങ്ങള്‍ കൊണ്ടിടുന്നതിന് നിയന്ത്രണം വന്നിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

 

നഗരസഭ ഏർപ്പെടുത്തിയിട്ടുള്ള ഏജൻസികള്‍ വഴിയാണ് ഇവ നീക്കംചെയ്യുന്നത്. എന്നാല്‍ വിമാനപാതയായ പരുത്തിക്കുഴിക്കുസമീപം ഒഴിഞ്ഞ സ്ഥലത്ത് അറവുമാലിന്യങ്ങള്‍ കൊണ്ടിടുന്നുണ്ട്.

ഇത് ഉച്ചയ്ക്കും രാവിലെയും പരുന്തും കാക്കയും കൊക്കും ഉള്‍പ്പെട്ട പക്ഷിക്കൂട്ടങ്ങള്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും അധികൃതർ പറഞ്ഞു. മുട്ടത്തറ പൊന്നറ പാലത്തിനുസമീപം വിമാനം ഇറങ്ങുന്ന മേഖലയില്‍ രാവിലെ മീൻവില്‍പ്പനക്കാർ എത്തുന്നതും പക്ഷികളെ ആകർഷിക്കുന്നു.

ആശ്വാസമാകാൻ റെൻഡറിങ് പ്ലാന്റ്

അറവുശാലകളിലുള്ള അവശിഷ്ടങ്ങളെത്തിച്ച്‌ സംസ്കരിക്കുന്നതിന് മുട്ടത്തറയില്‍ തുടങ്ങുന്ന മാംസാവശിഷ്ട സംസ്കരണശാല (റെൻഡറിങ് പ്ലാന്റ്) പ്രവർത്തനക്ഷമമാകുന്നതോടെ പക്ഷിക്കൂട്ടങ്ങളെ നിയന്ത്രിക്കുന്നതിന് കുറച്ച്‌ പരിഹാരമായേക്കും. മൂന്നരക്കോടി രൂപയുപയോഗിച്ചാണ് മുട്ടത്തറയില്‍ അദാനി കമ്ബനിയുടെയും പ്ലാന്റ് നടത്തുന്ന കമ്ബനിയുടെയും തുകയുപയോഗിച്ച്‌ പ്ലാന്റ് നിർമിക്കുക. പ്ലാന്റ് നടത്തിപ്പിനുള്ള കമ്ബനികള്‍ക്കുള്ള ടെൻഡർ നടപടികള്‍ ജനുവരി രണ്ടാംവാരത്തോടെ പൂർത്തിയാകുമെന്ന് നഗരസഭാ അധികൃതരും സൂചിപ്പിച്ചു.