ദിവസങ്ങള്‍ നീണ്ടുനിന്ന അടച്ചിടലിന് ശേഷം; ടിവികെ പാര്‍ട്ടി ആസ്ഥാനം വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു

Spread the love

ചെന്നൈ: കരൂര്‍ ദുരന്തത്തിന് ശേഷം ടിവികെ പാര്‍ട്ടി ആസ്ഥാനം വീണ്ടും തുറന്നു.17 ദിവസം അടച്ചുകിടന്ന ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള പന്നയൂരിലെ ഓഫീസാണ് ചൊവ്വാഴ്ച വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്.

ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 27-ന് നടന്ന പാര്‍ട്ടിയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരണപ്പെട്ടതിന് പിന്നാലെയാണ് പാര്‍ട്ടി ആസ്ഥാനം അടച്ചിട്ടത്. ഇരകളായവരോടുള്ള ആദരസൂചകമായി പാര്‍ട്ടിയുടെ മറ്റ് പരിപാടികള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

പാര്‍ട്ടി പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിജയ് നിലവില്‍ പട്ടിണപ്പാക്കത്തുള്ള വസതിയിലാണ്. പ്രധാനപ്പെട്ട നേതാക്കളുമായുള്ള ആഭ്യന്തര ചര്‍ച്ചകള്‍ ഇവിടെ പുരോഗമിക്കുകയാണെന്നാണ് സൂചന. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിമാരും ഭാരവാഹികളും ടിവികെ ആസ്ഥാനത്ത് കരൂര്‍ ദുരന്തത്തിന് ശേഷമുളള ആദ്യ ചര്‍ച്ചയ്ക്കായി ഒത്തുകൂടി. പാര്‍ട്ടിയുടെ ആസ്ഥാനം വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതോടെ സംഘടന പ്രവര്‍ത്തനങ്ങളുമായി പാര്‍ട്ടി മുന്നോട്ടുപോകുമെന്നാണ് വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവിനെ പാര്‍ട്ടി സ്വാഗതം ചെയ്തു. സിബിഐയുടെ നേതൃത്വത്തില്‍ നടത്തുന്ന അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.