ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാനൊരുങ്ങി ട്രംപ്; ഹോര്‍മുസ് കടലിടുക്ക് തുറക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കാന്‍ നീക്കം

Spread the love

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്ക് തുറക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപിന്റെ നീക്കം. ഉപദേശകരുമായി ട്രംപ് ഇതുസംബന്ധിച്ച ആശയം പങ്കുവെച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കടലിടുക്ക് വീണ്ടും തുറക്കുന്നതിനുളള സങ്കീര്‍ണമായ നടപടികള്‍ നീട്ടിവയ്ക്കാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചതായും ട്രംപുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ചോക്ക് പോയിന്റ് തുറക്കാനുളള നീക്കം സംഘര്‍ഷത്തെ നാല് മുതല്‍ ആറ് ആഴ്ച്ച വരെ നീട്ടിക്കൊണ്ടുപോകുമെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍.

video
play-sharp-fill

ഹോര്‍മൂസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ എണ്ണ പാടങ്ങളും വൈദ്യുത നിലയങ്ങളും അടക്കം നശിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറാനിലേക്ക് കുടിവെള്ളം ശുദ്ധീകരിച്ചെത്തുന്ന ഇടങ്ങളും ആക്രമിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. കരയാക്രമണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനൊപ്പം ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിക്കുന്ന അമേരിക്കന്‍ നിലപാടിനെ വിമര്‍ശിച്ച് ഇറാനും രംഗത്തെത്തിയിരുന്നു. യുഎസുമായി നേരിട്ട് ഒരു തരത്തിലുമുള്ള ചര്‍ച്ചകള്‍ നടത്തുന്നില്ലെന്ന് ഇറാന്‍ നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രദേശത്തെ യുഎസ് സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇറാനിലെ പുതിയതും കൂടുതല്‍ മികച്ചതുമായ നേതൃത്വവുമായി ചര്‍ച്ചയിലാണെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.