
വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ താത്കാലികാശ്വാസമായി 5 ദിവസം ‘നിയന്ത്രിത’ വെടിനിർത്തല്‍ പ്രഖ്യാപിച്ച് യു എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.
അമേരിക്കയും ഇറാനും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചർച്ചകള്‍ വളരെ ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് താത്കാലിക വെടിനിർത്തല്‍ ട്രംപ് പ്രഖ്യാപിച്ചത്. 5 ദിവസത്തേക്ക് ഇറാനിലെ ഊർജ്ജോത്പാദന കേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപ് ഉറപ്പ് നല്‍കി.
തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഇറാനുമായി തുടരുന്ന ആഴത്തിലുള്ള ചർച്ചകളുടെ അടിസ്ഥാനത്തില്‍, ഇറാന്റെ പവർ പ്ലാന്റുകള്‍ക്കും ഊർജ്ജ പശ്ചാത്തല സൗകര്യങ്ങള്‍ക്കും എതിരായ എല്ലാ സൈനിക ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിർത്തിവെച്ചതായി സേനകള്‍ക്ക് നിർദ്ദേശം നല്‍കിയെന്നും പ്രസിഡന്‍റ് വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിലെ ചർച്ചകളുടെ വിജയത്തെ ആശ്രയിച്ചിരിക്കും തുടർന്നുള്ള നീക്കങ്ങളെന്നും ട്രംപ് കുറിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിന് പൂർണ്ണവും സമഗ്രവുമായ പരിഹാരം കാണുകയാണ് ചർച്ചകളുടെ ലക്ഷ്യമെന്നും ട്രംപ് വിവരിച്ചു.
വരാനിരിക്കുന്ന ദിവസങ്ങളിലും ചർച്ചകള്‍ തുടരുമെന്നും, സമാധാനപരമായ നീക്കങ്ങള്‍ക്ക് അവസരം നല്‍കാനാണ് ഈ താല്‍ക്കാലിക വെടിനിർത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകം മുഴുവൻ ഉറ്റുനോക്കുന്ന പശ്ചിമേഷ്യൻ പ്രതിസന്ധിയില്‍ വലിയ ആശ്വാസം നല്‍കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം.



