മത്സ്യം ധാരാളം: പക്ഷേ വാങ്ങാന്‍ ആളില്ല; ചെറുകിട കച്ചവടക്കാര്‍ ദുരിതത്തില്‍

Spread the love

തിരുവനന്തപുരം: ട്രോളിംഗ് നിരോധനം നടപ്പിലാക്കിയിട്ടും ഇന്നലെ കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്ക് ആവശ്യത്തിലധികം മത്സ്യം ലഭിച്ചു. ലഭിച്ച മീനുകൾ നല്ല വിലയ്ക്ക് വിൽക്കാനും ഇവർക്ക് സാധിച്ചു.

അതേസമയം, ചെറുകിട വ്യാപാരികൾ ചന്തകളിലും വീടുകളിലും വിൽപ്പന നടത്താൻ ശ്രമിച്ചെങ്കിലും ജനങ്ങൾക്കിടയിൽ ആശങ്ക നിലനിൽക്കുന്നതിനാൽ പലരും മീൻ വാങ്ങാൻ തയ്യാറായില്ലെന്ന് കച്ചവടക്കാർ പറയുന്നു.

നെത്തോലിയാണ് കടലില്‍ നിന്ന് കൂടുതലായി ലഭിച്ചത്. ഒരു കിലോ നെത്തോലി 80 മുതല്‍ 100 രൂപ വരെ വിലയ്ക്കാണ് വിറ്റുപോയത്. ഇന്നലെ വള്ളക്കാർക്ക് പ്രധാനമായി ലഭിച്ചത് പരവ, കിളിമീൻ, മാന്തല്‍ പോലെയുള്ള മത്സ്യങ്ങളായിരുന്നു. ട്രോളിംഗ് നിരോധനത്തിന് മുൻപുള്ള ദിവസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, മത്സ്യവിലയിൽ ഗണ്യമായ കുറവുണ്ടായതായി കച്ചവടക്കാർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കച്ചവടക്കാർക്ക് പ്രിയം കൂടുതലും പരവയോടാണ്. കുട്ടയ്ക്ക് 6000 മുതല്‍ 7000 രൂപയ്ക്കാണ് പരവയുടെ കച്ചവടം നടക്കുന്നത്. ചെറുകിട വ്യാപാരികള്‍ മീനിൻറെ വലിപ്പം അനുസരിച്ച്‌ പരവ കിലോഗ്രാമിന് 250 മുതല്‍ 350 രൂപ വരെ ഈടാക്കിയാണ് വിറ്റഴിച്ചത്. ഇത് ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ വില അല്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. എന്നാല്‍ കിളിമീൻ കയറ്റുമതി കമ്പനിക്കാരാണ് വാങ്ങിയത്. മാന്തളിനും ആവശ്യക്കാർ നിരവധിയാണ്.

ഇതിനിടെ, കായൽ മത്സ്യങ്ങൾക്ക് പ്രിയം ഏറുകയാണ്. കരിമീൻ, കണമ്ബ, കൊഞ്ച് പോലുള്ളവയ്‌ക്ക് ആവശ്യക്കാർ കൂടുകയാണ്, പക്ഷേ ഇവ വിപണിയിൽ വിരളമായിയാണ് കാണപ്പെടുന്നത്. എന്നാൽ ലഭ്യമായ കുറച്ച് മത്സ്യങ്ങൾക്ക് വിപണിയിൽ ഉയർന്ന വിലയുമാണ്. കടൽ മത്സ്യങ്ങളെ കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ ആളുകൾക്ക് അവ വാങ്ങുന്നതിൽ നിന്ന് പിന്തിരിയാൻ കാരണമായതായും വ്യാപാരികൾ പറയുന്നു.