
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണം കാണാതായതിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. സംഭവത്തില്‍ ഡിഎംഒ അന്വേഷണം നടത്തും. മെഡിക്കൽ കോളേജിലെ ഉപകരണ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോ ഹാരിസിൻ്റെ വിഭാഗത്തിലായിരുന്നു സംഭവം. മോസിലോ സ്കോപ്പ് എന്ന ഉപകരണ ഭാഗമാണ് കാണാതായത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഉപകരണക്ഷാമം തുറന്ന് പറഞ്ഞ ഡോ. ഹാരിസ് ചിറയ്ക്കലിന് നല്കിയ കാരണം കാണിക്കല്‍ നോട്ടീസ് സ്വാഭാവിക നടപടിയെന്ന് വിശദീകരിച്ച ആരോഗ്യമന്ത്രി വീണ ജോർജാണ് ഇന്നലെ പുതിയ ഒരു വിവാദത്തിന് കൂടി തുടക്കമിട്ടത്.
യൂറോളജി വിഭാഗത്തിൽ ഓസിലോസ്കോപ്പ് എന്ന ഉപകരണം കാണാതായിട്ടുണ്ടെന്നും ബോധപൂർവ്വം ഉപകരണങ്ങൾ കേടാക്കിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിലുണ്ടെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. മന്ത്രിയെ തള്ളുകയാണ് ഡോ. ഹാരിസ് ചിറയ്ക്കല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ഉപകരണം പോലും കാണാതായിട്ടില്ലെന്നും ഓസിലോസ്കോപ്പ് അടക്കം എല്ലാ ഉപകരണങ്ങളും വകുപ്പിൽ തന്നെയുണ്ടെന്നും ഡോക്ടര്‍ ഹാരിസ് വ്യക്തമാക്കി.. കൃത്യമായി ഓഡിറ്റ് നടത്തുന്നുണ്ട്. വിദഗ്ധ സമിതി ഇക്കാര്യങ്ങൾ പരിശോധിച്ചിട്ടില്ലെന്നും ഏത് അന്വേഷണവും നടത്താമെന്നും ഡോ. ഹാരിസ് വ്യക്തമാക്കി.
ഉപകരണം നഷ്ടപ്പെട്ടതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. എന്നാൽ, അത് കള്ളപരാതി ആണെന്ന് തെളിഞ്ഞിരുന്നു. ഉപകരണങ്ങൾ കേടായെന്ന് വിദഗ്ധസമിതി പറയാൻ ഇടയില്ല. മന്ത്രി പറഞ്ഞ കാര്യത്തിൽ അന്വേഷണം നടന്നോട്ടെയെന്നും ഡോ. ഹാരിസ് പറഞ്ഞു.
വകുപ്പിൽനിന്നും ഉപകരണങ്ങൾ നഷ്ടപ്പെടുകയോ ഉപകരണങ്ങൾ കേടാവുകയോ ചെയ്തിട്ടില്ല. ഇത് എല്ലാ വർഷവും കൃത്യമായി ഓഡിറ്റ് ചെയ്യുന്നതാണ്. വകുപ്പ് മേധാവി എന്ന നിലയിൽ തനിക്ക് അക്കാര്യത്തിൽ കൃത്യമായ ബോധ്യമുണ്ട്. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ അങ്ങനെ ഉണ്ടാകാൻ വഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു