play-sharp-fill
കുരുക്കഴിയാതെ 7 പേരുടെ ദുരൂഹ മരണം: മരിച്ചത് നിസാരക്കാരല്ല തലസ്ഥാനത്ത് 500 കോടി സ്വത്തിന്റെ അവകാശികൾ: കൂടത്തില്‍ കേസ് അന്വേഷണത്തിന് സി.ബി.ഐ വരണമെന്ന് ആവശ്യം

കുരുക്കഴിയാതെ 7 പേരുടെ ദുരൂഹ മരണം: മരിച്ചത് നിസാരക്കാരല്ല തലസ്ഥാനത്ത് 500 കോടി സ്വത്തിന്റെ അവകാശികൾ: കൂടത്തില്‍ കേസ് അന്വേഷണത്തിന് സി.ബി.ഐ വരണമെന്ന് ആവശ്യം

തിരുവനന്തപുരം: തലസ്ഥാനത്ത് അഞ്ഞൂറു കോടി രൂപയുടെ സ്വത്ത്! അതും, ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനടുത്ത് അടക്കം പലേടത്തായി.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ സ്വത്തുവകകള്‍. അതിസമ്പന്നമായിരുന്ന, തിരുവനന്തപുരം കരമന കൂടത്തില്‍ തറവാട്ടിലെ ഏഴ് അവകാശികള്‍ പല ഇടവേളകളില്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ചതിനെക്കുറിച്ച്‌ പൊലീസും ക്രൈംബ്രാഞ്ചും ആറുവർഷമായി മാറിമാറി അന്വേഷിച്ചിട്ടും ഒരു തുമ്പുമില്ല!

ഇതിനിടെ, തറവാട്ടിലെ കാര്യസ്ഥൻ അവകാശികളറിയാതെ 100 കോടിയിലേറെ ഭൂമി വിറ്റഴിച്ചതും, ഭൂമി

തട്ടിപ്പില്‍ മുൻ ജില്ലാ കളക്ടർ അടക്കം വമ്പന്മാർ പ്രതിസ്ഥാനത്തെത്തിയതും അതിലേറെ നിഗൂഢതയുണ്ടാക്കുന്നു. പൊലീസിലെ ഉന്നതരും കോടികളുടെ ഭൂമി കൈക്കലാക്കിയതിനാലാണ് അന്വേഷണം ഇഴയുന്നതെന്നാണ് ഒരു ആക്ഷേപം. സി.ബി.ഐ അന്വേഷണം തേടി കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണ പുരോഗതി അറിയിക്കാൻ ഡി.ജി.പിയോട് ഗവർണർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1991-2017 കാലഘട്ടത്തിലാണ് കൂടത്തില്‍ തറവാട്ടില്‍ ഏഴ് ദുരൂഹ മരണങ്ങളുണ്ടായത്. മരിച്ചവരുടെയെല്ലാം പേരില്‍ വില്‍പ്പത്രങ്ങളും രേഖകളുമെല്ലാം വ്യാജമായുണ്ടാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. വ്യാജരേഖയുണ്ടാക്കി വിറ്റഴിച്ച സ്ഥലങ്ങളില്‍ കൂറ്റൻ നിർമ്മിതികള്‍ ഉയർന്നു. തട്ടിപ്പുകാർ കണ്ണായ സ്ഥലങ്ങളിലെ ഭൂമി പ്ലോട്ടു തിരിച്ച്‌ വിറ്റു. ഏട്ട് ഏക്കറിലേറെ സ്വത്തുക്കള്‍ ഇങ്ങനെ പലർ ചേർന്ന് തട്ടിയെടുത്തെന്നാണ് കുടുംബാംഗങ്ങളുടെ പരാതി.

അന്വേഷണത്തിന് പ്രത്യേക സംഘമുണ്ടായിരുന്നിട്ടും രാഷ്ട്രീയ- പൊലീസ്- ഉദ്യോഗസ്ഥ ഒത്തുകളിയില്‍ അന്വേഷണം മുങ്ങിപ്പോയി. തറവാട്ടിലെ അകന്നബന്ധുവായ മുൻ കളക്ടർ മോഹൻദാസ് ഉള്‍പ്പെടെയുളളവർ സ്വത്തുക്കള്‍ തട്ടിയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തല്‍. കാര്യസ്ഥൻ രവീന്ദ്രൻ നായരെ പ്രതിയാക്കിയെങ്കിലും തുടർനടപടികളുണ്ടായില്ല.

സ്വത്തുക്കള്‍ രാഷ്ട്രീയ പാർട്ടികള്‍ക്കും കിട്ടിയതിനാല്‍ ആ വഴിക്കും അന്വേഷണം തടയപ്പെട്ടു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കേസെടുക്കാൻ നിർദ്ദേശിച്ചിട്ടും ഒരുവർഷം പൊലീസ് കേസെടുത്തിരുന്നില്ല.

കൂടത്തില്‍’ തറവാട്ടിലെ ഗോപിനാഥൻ നായർ, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ ജേഷ്ഠന്മാരായ നാരായണ പിള്ളയുടെയും വേലുപ്പിള്ളയുടെയും മക്കളായ ഉണ്ണിക്കൃഷ്ണൻ നായർ, ജയമാധവൻ നായർ എന്നിവരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഏറ്റവും ഒടുവില്‍ (2017ഏപ്രില്‍) മരിച്ച ജയമാധവൻ നായരുടെ മുൻ ഭാര്യയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. ജയമാധവന്റേത് കൊലപാതകമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കോടികള്‍ വിലമതിക്കുന്ന ഭൂമി 28 തവണ കച്ചവടം നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. വാങ്ങിയ 13 പേരെയും കണ്ടെത്തി. നാല് വില്ലേജ് ഓഫീസർമാരുടെ ഒത്താശയോടെയായിരുന്നു ഇത്. കാര്യസ്ഥന് ഒന്നരയേക്കറും മുൻകാര്യസ്ഥന് 65 സെന്റും ലഭിച്ചു. അവകാശത്തർക്ക കേസുണ്ടാക്കി അദാലത്തുകളിലൂടെയും ഭൂമി തട്ടിയെടുത്തു. ഭൂമിതട്ടിപ്പില്‍ മുൻ കളക്ടറടക്കം പത്തു പ്രതികളുണ്ട്.

അടിമുടി ദുരൂഹം

ജയമാധവന്റെ മരണത്തിനു ശേഷം, അകന്ന ബന്ധുവായ മുൻ കളക്ടർ മോഹൻദാസ് ഉള്‍പ്പെടെയുളളവർ യോഗം ചേർന്ന് രേഖകളുണ്ടാക്കി സ്വത്തുക്കള്‍ തട്ടിയെടുക്കാൻ ഗൂഡാലോചന നടത്തിയെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ സ്വത്തുക്കള്‍ വില്‍ക്കാനുള്ള നീക്കം ക്രൈംബ്രാഞ്ച് തടഞ്ഞിട്ടുണ്ട്. 2017ഏപ്രില്‍ രണ്ടിന് കൂടത്തില്‍ തറവാട്ടിലെത്തിയപ്പോള്‍, കട്ടിലില്‍ നിന്ന് നിലത്ത് വീണുകിടക്കുന്ന ജയമാധവൻ നായരെ കണ്ടെന്നും ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെന്നുമാണ് കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ മൊഴി. മരണത്തിന് മുമ്പ്, സ്വത്തുക്കള്‍ വില്‍ക്കാൻ തനിക്ക് അനുമതിപത്രം നല്‍കിയെന്നും രവീന്ദ്രൻ പറഞ്ഞിരുന്നു.

എന്നാല്‍, ഈ മൊഴി കളവാണെന്ന് കണ്ടെത്തി. ഓട്ടോഡ്രൈവറുടെ മൊഴിയാണ് പ്രധാനം. ജയമാധവൻ നായരെ താൻ ആശുപത്രിയില്‍ കൊണ്ടുപോയിട്ടില്ലെന്നാണ് ഡ്രൈവറുടെ മൊഴി. സമീപത്തു തന്നെയുള്ള ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനു പകരം അയല്‍വാസികളെ അറിയിക്കാതെ, വേലക്കാരിയെ വിളിച്ചുവരുത്തി അരമണിക്കൂറോളം നഷ്ടമാക്കിയ ശേഷാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്നതും സംശയകരമാണ്.

ജയമാധവന്റെ വീട്ടില്‍ വച്ച്‌ വില്‍പ്പത്രം തയ്യാറാക്കി സാക്ഷികള്‍ ഒപ്പിട്ടുവെന്ന മൊഴി കളവാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഒപ്പിട്ട സാക്ഷികളില്‍ ഒരാളായ അനില്‍, തന്റെ വീട്ടില്‍കൊണ്ടുവന്നാണ് രവീന്ദ്രൻ മുദ്രപ്പത്രം ഒപ്പിട്ടതെന്ന് പൊലീസിനെ അറിയിച്ചിരുന്നു.

ചുറ്റിക്കറങ്ങി ക്രിമിനലുകള്‍

ഒടുവില്‍ മരിച്ച ജയമാധവൻ നായരെ അബോധാവസ്ഥയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും പിന്നീട് ഇൻക്വസ്റ്റ് നടക്കുമ്പോഴുമെല്ലാം ചില ക്രിമിനല്‍ സംഘങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടക്കുമ്പോള്‍ എടുത്ത ജനക്കൂട്ടത്തിന്റെ ഫോട്ടോകളിലാണ് ചില ക്രിമിനല്‍ കേസ് പ്രതികളെ കണ്ടത്. തുടർന്നു നടത്തിയ അന്വേഷണത്തില്‍ ജയമാധവൻ നായരെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴും പ്രതികളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.

ജയമാധവൻനായർ തലയിടിച്ച്‌ വീണതായി പറയപ്പെടുന്ന കട്ടിളപ്പടിയില്‍ ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയില്‍ രക്തക്കറയില്ലെന്ന് സ്ഥിരീകരിച്ചതും വഴിത്തിരിവാണ്. കാരണവരായിരുന്ന ഗോപിനാഥൻ നായരുടെ മക്കള്‍ വിവാഹം കഴിച്ചിരുന്നില്ല. ജോലിക്കാരാണ് എല്ലാം നിയന്ത്രിച്ചിരുന്നതെന്നും ഇവർക്കും ചില ബന്ധുക്കള്‍ക്കും ദുരൂഹമരണങ്ങളില്‍ പങ്കുണ്ടാകാമെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്