ആശങ്കയായി അമീബിക് മസ്‌തിഷ്‌ക ജ്വരം;രോഗകാരണം പൂളിലെ വെളളം മൂക്കിൽ കയറിയത്; മറ്റ് കുട്ടികൾക്ക് ഇതുവരെ രോഗ ലക്ഷണങ്ങൾ ഇല്ലെന്ന് ആരോ​ഗ്യവകുപ്പ്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത് ആശങ്കയായി തുടരുന്നു. ഇന്നലെ പൂവാർ സ്വദേശിയായ പതിനേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 16ന് സുഹൃത്തുക്കളുമായി ആക്കുളം ടൂറിസ്റ്റ് വില്ലേജിലെത്തി കുട്ടി സ്വിമ്മിംഗ് പൂളിൽ കുളിച്ചിരുന്നു. സ്വിമ്മിംഗ് പൂളിലെ വെളളം മൂക്കിൽ കയറിയതാണ് രോഗകാരണമെന്നാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിലുളളത്.

കുട്ടിയുൾപ്പെടെ നാല് പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. മറ്റ് മൂന്ന് കുട്ടികൾക്കും ഇതുവരെ രോഗ ലക്ഷണങ്ങൾ ഇല്ലെന്നാണ് ആരോ​ഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ഇവരെല്ലാം നിരീക്ഷണത്തിൽ തുടരുകയാണ്. എല്ലാവരും സ്കൂൾ, ട്യൂഷൻ സെന്ററിലെ സഹപാഠികളാണ്. സ്വിമ്മിംഗ് പൂളിലിറങ്ങിയ പിറ്റേദിവസം മുതൽക്കേ തന്നെകുട്ടിക്ക് കടുത്ത തലവേദന അനുഭവപ്പെട്ടിരുന്നു.

ശാരീരിക അസ്വസ്ഥതകൾ കൂടിയതോടെ നിംസിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് അനന്തപുരി ആശുപത്രിയിലും എത്തി. ഇവിടെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടി ഐസിയുവിൽ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഗസ്റ്റ് 16 മുതൽ ഇന്നലെ വരെ പൂളിൽ ഇറങ്ങിയവരുടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. ഇവരെയും നിരീക്ഷണത്തിലാക്കും. പൂളിലെ വെള്ളത്തിന്റെ പരിശോധനാ ഫലം വന്നശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.സംസ്ഥാനത്താകെ ഈ വർഷം 66 പേർക്ക് രോഗബാധ ഉണ്ടായെന്നും 17 പേർ മരിച്ചെന്നും മന്ത്രി വീണാ ജോർജ് സ്ഥിരീകരിച്ചു.

രോഗബാധിതർ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. കുടുംബശ്രീ, ആശാപ്രവർത്തകർ,സന്നദ്ധസംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ക്യാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ട്. രോഗം വഷളാകുന്നതിനു മുമ്പേ തിരിച്ചറിയാൻ സാധിക്കാത്തത് മരണനിരക്ക് ഉയർത്തുന്നുണ്ട്.