
തിരുവനന്തപുരം: കമ്പി കെണിയിൽപ്പെട്ട പുലിയെ വനം വകുപ്പ് മയക്കുവെടിവെച്ച് പിടികൂടി. അമ്പൂരി കാരിക്കുഴിയിൽ ആണ് സംഭവം .നാല് വയസ് പ്രായം തോന്നിക്കുന്ന പെൺ പുലിയാണ് കാരിക്കുഴി സ്വദേശി ഷൈജുവിന്‍റെ റബർ തോട്ടത്തിലെ കെണിയിൽ കുടുങ്ങിയത്. രാവിലെ ഏഴ് മണിക്കാണ് കാരിക്കുഴി സ്വദേശി സുരേഷ് പുലിയെ കാണുന്നത്.
പുലിയെ കണ്ട് ഓടി മാറുന്നതിനിടെ സുരേഷിന് പാറക്കെട്ടിൽ നിന്നുള്ള വീഴ്ചയിൽ പരുക്കേറ്റു. പിന്നാലെ പുലി പന്നിക്കെണിയിൽ കുടുങ്ങുകയായിരുന്നു. പന്ത്രണ്ടരയോടെ ഡോക്ടർ അരുൺ കുമാറിൻ്റെ നേതൃത്വത്തിൽ പുലിയെ മയക്കു വെടി വച്ചു.
മയങ്ങിയ പുലിയെ വലയിലാക്കി നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയ പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് തുടർ നടപടി തീരുമാനിക്കാനാണ് വനം വകുപ്പിന്‍റെ നീക്കം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ, പത്തനംതിട്ട കലഞ്ഞൂർ പാക്കണ്ടത്തും പുലികളെ കണ്ടെത്തി. പ്രദേശത്ത് ഭീഷണിയായി പുലിയും രണ്ടു കുഞ്ഞുങ്ങളുമുണ്ടെന്നാണ് നിഗമനം. സിസിടിവി ദൃശ്യങ്ങളിലാണ് മൂന്ന് പുലികളെ കണ്ടത്. കലഞ്ഞൂർ പാക്കണ്ടത്ത് കോഴിയെ പിടിക്കാൻ എത്തിയ ദൃശ്യങ്ങളിലാണ് പുലിയെയും പുലിക്കുട്ടികളെയും കണ്ടത്. സ്ഥലത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. വിശദമായി പരിശോധിക്കുകയാണെന്നും വനം വകുപ്പ്.