
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ ഇൻസ്‌പെക്ടർ ജെയ്‌സൺ അലക്സ് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി അമ്മ. മകൻ ജീവനൊടുക്കിയത് തൊഴിൽ സമ്മർദത്തെ തുടർന്നാണെന്ന് അവർ ആരോപിച്ചു.
തിരുവനന്തപുരത്തെ ടെലികമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട ഡിജിറ്റലാക്കാനുള്ള 6 കോടിയുടെ പദ്ധതിയുടെ പേരിലായിരുന്നു സമ്മർദ്ദമെന്നും പദ്ധതി നടപ്പാക്കാനുള്ള സമിതിയിൽ ജെയ്സണും അംഗമായിരുന്നുവെന്നും അവർ പറഞ്ഞു. പദ്ധതിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒപ്പിടാൻ ജയ്‌സൺ അലക്സ് വിസമ്മതിച്ചിരുന്നു. ഇത് കാരണം മേലുദ്യോഗസ്ഥരിൽ നിന്ന് സമ്മർദമുണ്ടായി. ഇന്നലെ രാവിലെ 5.30ന് ഡ്യൂട്ടിക്ക് പോയ ജെയ്സൺ പത്ത് മണിക്ക് തന്നെ തിരിച്ചെത്തിയതിൽ ദുരൂഹതയുണ്ട്. മകൻ ഭക്ഷണവുമെടുത്താണ് ജോലിക്ക് പോയിരുന്നതെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്നലെയാണ് ജയ്‌സൺ അലക്സിനെ ചെങ്കോട്ടുകോണത്തെ വീടിനുള്ളിമൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 20 വർഷത്തോളം സർവീസുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. ഇന്ന് അമിത് ഷാ തിരുവനന്തപുരത്ത് വരുന്നതിനാൽ സെക്യൂരിറ്റി ചുമതലയും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇന്നലെ ഇതിനെല്ലാമായി അതിരാവിലെ ജോലിക്ക് പോയ അദ്ദേഹം അധികം വൈകാതെ വീട്ടിലേക്ക് മടങ്ങി വന്ന് ജീവനൊടുക്കിയതിലാണ് അമ്മ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓരോ വർഷവും കേരളത്തിൽ ശരാശരി 13 പോലീസുകാർ ജീവനൊടുക്കുന്നു എന്നാണ് സേനയുടെ തന്നെ കണക്ക്. പത്തു വർഷത്തിൽ സംസ്ഥാനത്ത് 138 പോലീസുകാരാണ് ജീവനൊടുക്കിയത്. ഇതിൽ ഏറ്റവും കൂടുതൽ പേർ തിരുവനന്തപുരം റൂറലിൽ ആണ്, 22. ആത്മഹത്യകളിലേക്ക് നയിക്കുന്ന പ്രധാന കാരണം ജോലി സമ്മർദ്ദമാണെന്ന പരാതി ഓരോ ആത്മഹത്യയിലും ഉയരാറുണ്ട്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ 284 പൊലീസുകാർ ജോലിയിൽ നിന്ന് സ്വയം വിരമിച്ചു. മാനസിക സംഘർഷം നേരിടുന്ന പോലീസുകാർക്ക് കൗൺസലിംഗ് നൽകാനായി 2017 ൽ ഹാറ്റ്സ് എന്ന സംവിധാനം തുടങ്ങി. ഇതുവരെ ഏഴായിരത്തിലേറെ പോലീസുകാർ ഇതിന്റെ സേവനം ഉപയോഗിച്ചതായാണ് പൊലീസ് സേനയുടെ കണക്ക്.