
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയാ പിഴവ് ആരോപണം ; മുറിവിൽ കൈയുറ തുന്നിചേർത്തത് ചികിത്സയുടെ ഭാഗമെന്ന് ഡോക്ടർമാർ
തിരുവനന്തപുരം : തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ യുവാവിന്റെ മുറിവിൽ ‘ഗ്ലൗ ഡ്രെയിൻ’ തുന്നിച്ചേർത്തുവെന്ന വ്യാജ പ്രചാരണത്തിനിടെ, യുവാവിന് നൽകിയത് കൃത്യമായ ചികിത്സ തന്നെയെന്ന് ഡോക്ടർമാർ.
മുറിവിൽ കൈയുറ തുന്നിച്ചേർത്തെന്നും ചികിത്സാപ്പിഴവ് എന്നുമായിരുന്നു മാധ്യമങ്ങളുടെ പ്രചാരണം.
നെടുമങ്ങാട് മുളമുക്ക് സ്വദേശി ബി ഷിനുവിന്റെ മുതുകിലെ മുഴ ശസ്‌ത്രക്രിയയിലൂടെ നീക്കിയശേഷം ഉള്ളിലെ പഴുപ്പും രക്തവും പോകുന്നതിനായി ഗ്ലൗ ഡ്രെയിൻ മുറിവിൽ തുന്നിച്ചേർത്തിരുന്നു.
വിപണിയിൽ 800 രൂപവിലയുള്ള ഡ്രെയിനിനുപകരം അണുവിമുക്തമാക്കിയ ഗ്ലൗസിന്റെ ഒരു കഷണം ഡ്രെയിനായി ഉപയോഗിക്കുകയായിരുന്നു. ഇത് സാധാരണമാണെന്ന് ശസ്‌ത്രക്രിയാ വിഭാഗം മേധാവി ഡോ. ആർ സുരേഷ് പറഞ്ഞു.
രണ്ടുദിവസത്തിനുള്ളിൽ ഇത് മുറിവിൽനിന്ന് മാറ്റണമെന്ന് രോഗിയോട് നിർദേശിച്ചിരുന്നു. അതിനായി ജനറൽ ആശുപത്രിയിലോ അടുത്തുള്ള മറ്റ് ഏതെങ്കിലും ആശുപത്രിയിലോ എത്താനും പറഞ്ഞു
ശനിയാഴ്ച രാവിലെ ആശുപത്രിയിലെത്തിയ രോഗിയുടെ മുഴ ശസ്‌ത്രക്രിയയിലൂടെ നീക്കുകയും ഉച്ചയോടെ വീട്ടിൽ പോകുകയുമായിരുന്നു.
ഗ്ലൗ ഡ്രെയിൻ സാധാരണ ഉപയോഗിക്കാറുള്ളതാണെന്നും അസ്വാഭാവികതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഷിനുവിന്റെ ഒപി ടിക്കറ്റിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
കൈയുറ തുന്നിച്ചേർത്തത് ചികിത്സയുടെ ഭാഗമാണെന്ന് അറിഞ്ഞില്ലെന്ന് ഷിനുവിന്റെ ഭാര്യ സജീന പ്രതികരിച്ചു. “ഇക്കാര്യം ഡോക്ടർ അറിയിച്ചിരുന്നില്ല.
അറിഞ്ഞിരുന്നെങ്കിൽ ഭയപ്പെടുമായിരുന്നില്ല. തിങ്കളാഴ്ച രാത്രി ബാൻഡ് എയ്‌ഡ് മാറ്റി നോക്കിയപ്പോളാണ് കൈയുറയുടെ ഭാഗം കാണുന്നത്.
ഇത്തരമൊരു ചികിത്സാരീതിയെക്കുറിച്ച് അറിയില്ലായിരുന്നു. അതിനാലാണ് പരിഭ്രമിച്ചതും മാധ്യമങ്ങളെ ബന്ധപ്പെട്ടതും’– സജീന പറഞ്ഞു.
ചൊവ്വാഴ്ച ജനറൽ ആശുപത്രിയിലെത്തിയ ഷിനുവിന്റെ മുറിവിൽനിന്ന് കൈയുറ നീക്കി ഡ്രസ്സ് ചെയ്തു.
ബുധനാഴ്ച ബാൻഡ് എയ്‌ഡും മാറ്റും. ശനിയാഴ്ചയോടെ സ്റ്റിച്ച് എടുക്കാമെന്നും ഡോക്ടർ അറിയിച്ചിട്ടുണ്ട്.
കാര്യമെന്തെന്ന് അറിയാതെ ആരോഗ്യപ്രവർത്തകരെ അപമാനിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് പ്രതിഷേധാർഹമാണെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത ജെയിംസ് പറഞ്ഞു.
സംഭവത്തിൽ ആരോഗ്യവകുപ്പിനെയും ഡോക്ടർമാരെയും കുറ്റപ്പെടുത്തിയ ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും ഖേദം പ്രകടിപ്പിക്കാൻപോലും തയാറായിട്ടില്ല. ആശുപത്രി അധികൃതർ വാർത്ത നിഷേധിച്ചുവെന്ന് മാത്രമായിരുന്നു വിശദീകരണം