തിരുവനന്തപുരത്ത് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം: വിശദീകരണവുമായി ആരോഗ്യ വകുപ്പ് ; പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തിയെന്ന് വാദം

Spread the love

തിരുവനന്തപുരം: യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യ വകുപ്പ്. പരാതി ലഭിച്ചില്ലെങ്കിലും ഏപ്രിലിൽ തന്നെ അന്വേഷണം നടത്തിയിരുന്നതായാണ് ആരോഗ്യവകുപ്പ് പറയുന്നത്. ശസ്ത്രക്രിയയെ തുടര്‍ന്ന് സുമയ്യ എന്ന യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തിലാണ് വിശദീകരണം. സംഭവത്തില്‍ വിദഗ്ദധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തിയെന്നും ഗൈഡ് വയറ് കുരുങ്ങി കിടക്കുന്നതിനാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല, പരാതി ലഭിച്ചാൽ അതും പരിധോധിക്കുമെന്നുമാണ് ആരോഗ്യവകുപ്പ് വിശദീകരണത്തില്‍ പറയുന്നത്.

തൊണ്ടയില്‍ തൈറോയ്ഡ് സംബന്ധമായ ചികിത്സയ്ക്ക് 2023 ലാണ് സുമയ്യയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മൾട്ടി ഗോയിറ്റര്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ഡോ.രാജിവ് കുമാറാണ് തൈറോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കുശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടു.

ഇതിന്‍റെ ഗൈഡ് വയറാണ് നെഞ്ചിൽ കുടുങ്ങി കിടക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇത് തിരികെ എടുക്കാത്തതാണ് ദുരിതത്തിലാക്കിയത് എന്നാണ് പരാതി. തുടർന്ന് ശ്രീ ചിത്ര ആശുപത്രിയിലടക്കം സുമയ്യ ചികിത്സ തേടി. എക്സ്റേ പരിശോധനയിൽ ട്യൂബ് ധമനികളോട് ഒട്ടിപ്പോയതായി കണ്ടെത്തി. ഇനി ശസ്ത്രക്രിയ നടത്തി ട്യൂബ് പുറത്തെടുക്കാനാകില്ലെന്നാണ് വിദഗ്ധ ഡോക്ടർമാർ അറിയിച്ചത്. ഗുരുതര പിഴവ് ഉണ്ടായതിൽ നീതിവേണമെന്നും വിദഗ്ധ ചികിത്സ നൽകണമെന്നുമാണ് സുമയ്യ ആവശ്യപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group