തലസ്ഥാനത്തെ അഞ്ചരകോടിയുടെ വൻ ഭൂമി തട്ടിപ്പ്; മുഖ്യകണ്ണി ഡിസിസി അംഗം അനന്തപുരി മണികണ്ഠൻ ബെംഗളൂരുവിൽ പിടിയിൽ

Spread the love

തിരുവനന്തപുരം: തലസ്ഥാനത്തെ അഞ്ചരകോടിയുടെ ഭൂമി തട്ടിപ്പിലെ മുഖ്യകണ്ണിയായ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും ആധാരമെഴുത്തുകാരനുമായ മണികണ്ഠൻ പിടിയിൽ. അനന്തപുരി മണികണ്ഠനെ കേസിൽ പൊലീസ് പ്രതിയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മ്യൂസിയം പൊലീസ് പ്രതിയെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ബെംഗളൂരുവിൽ വെച്ചാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. പ്രവാസിയായ സ്ത്രീയുടെ പേരിലുണ്ടായിരുന്ന ഭൂമി തട്ടിയെടുക്കാൻ വ്യാജ ഇഷ്ടദാന കരാർ ഉള്‍പ്പെടെ ഉണ്ടാക്കിയത് മണികണ്ഠനെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ.

ജവഹർനഗറിലെ 10 മുറികളുള്ള കെട്ടിടവും 14 സെൻറ് സ്ഥലവുമാണ് വ്യാജ ആധാരത്തിലൂടെ ഭൂമാഫിയ സംഘം തട്ടിയെടുത്തത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിസ്തിന് പാരമ്പര്യമായി കിട്ടിയ സ്വത്താണ് വ്യാജ രേഖകള്‍ ചമച്ച് മാഫിയ സംഘം തട്ടിയെടുത്തത്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് വെണ്ടറും കോണ്‍ഗ്രസ് നേതാവുമായ മണികണ്ഠനാണെന്നാണ് പൊലീസ് പറയുന്നത്.

കേസിൽ പിടിയിലായ കൊല്ലം സ്വദേശി മെറിന്‍റെയും വസന്തയുടെയും മൊഴിയിൽ നിന്നാണ് മണികണ്ഠനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലിസിന് ലഭിക്കുന്നത്. ഡോറയുടെ വളർത്തുമകളാണെന്ന വ്യാജേനയാണ് മെറിന്‍റെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്യുന്നത്. മുക്കോല സ്വദേശിയായ വസന്തയെ ഡോറയായി ആള്‍മാറാട്ടം നടത്തി കവടിയാർ രജിസ്ട്രേഷൻ ഓഫീസിലെത്തിച്ചു. ക്യാൻസർ രോഗിയാണ് വസന്ത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇഷ്ടദാനം എഴുതി വാങ്ങിയ ശേഷം അതേ ഭൂമി ചന്ദ്രസേനനെന്നയാളുടെ പേരിൽ ഭൂമാഫിയ സംഘം വിലയാധാരമെഴുതി. ഇതിന്‍റെയെല്ലാം ചുക്കാൻ പിടിച്ചത് മണികണ്ഠനാണെന്നും ആള്‍മാറാട്ടത്തിന് പണം ലഭിച്ചുവെന്നുമാണ് അറസ്റ്റിലായ രണ്ടു സ്ത്രീകളുടെയും പരാതി. പ്രവാസി സ്ത്രീയുടെ വളർത്തുമകളായ ആള്‍മാറാട്ടം നടത്തിയ മെറിൻ ഒരു എൻ.ജി.ഒ നടത്തുന്നുണ്ട്.

ഇതിന്‍റെ രജിസ്ട്രേഷന് സഹായം നൽകിയത് മണികണ്ഠനാണ്. ഈ പരിചയം ഉപയോഗിച്ചാണ് ആള്‍മാറാട്ടത്തിന് കൂട്ടുനിന്നതെന്നാണ് പൊലീസ് സംശയം. മെറിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും. രജിസ്ട്രേഷൻ-റവന്യു വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. രജിസ്ട്രേഷനായി ഉപയോഗിച്ചിരിക്കുന്ന തിരിച്ചറിയൽ കാർഡ് ഉള്‍പ്പെടെ എല്ലാം വ്യാജമായിരുന്നു. ഇതിലുണ്ടായിരുന്ന ഒരു ഫോണ്‍ നമ്പറാണ് പ്രതികളെ കണ്ടെത്തുന്നതിന് പൊലീസിന് പിടിവള്ളിയായത്.