തിരുവനന്തപുരത്ത് ക്രൂര കൊലപാതകം : മദ്യലഹരിയിൽ മരുമകൻ അമ്മാവനെ തല്ലിക്കൊന്നു ; പ്രതി പിടിയിൽ

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മാവനെ മരുമകൻ തല്ലിക്കൊന്നു. കുടപ്പനക്കുന്ന് സ്വദേശി സുധാകരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരുമകൻ രാജേഷാണ് കൊലയാളി. നിരവധി കേസുകളിൽ പ്രതിയായ രാജേഷിനെ പൊലീസ് പിടികൂടി. സുധാകരനും രാജേഷും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്.

സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തുന്ന രാജേഷ് അമ്മാവനെ മർദിക്കുന്നത് പതിവായിരുന്നു. ഇന്നലെ രാത്രിയിലും രാജേഷ് മദ്യപിച്ചെത്തി അമ്മാവനെ ക്രൂരമായി മർദിച്ചുവെന്ന് പൊലീസിന് അയൽവാസികൾ മൊഴി നൽകി. ഈ മർദനമേറ്റാണ് രാത്രി സുധാകരൻ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോട് രാജേഷ് അമ്മാവനെ കുളിപ്പിക്കാനായി പുറത്തിറക്കി.

ഇത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് തന്നെ പിടികൂടുമെന്ന് മനസിലാക്കിയ രാജേഷ് ഉടൻ തന്നെ സ്ഥലത്ത് നിന്ന് മുങ്ങി. എങ്കിലും അധികം വൈകാതെ മണ്ണന്തലയിൽ നിന്നും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച രാജേഷിൻ്റെ എതിർ സംഘത്തിൽപെട്ട ഗുണ്ടകൾ ഈ വീടിന് നേരെ ആക്രമണം നടത്തിയിരുന്നു. ബോംബെറിഞ്ഞ് ഭീഷണിപ്പെടുത്തിയ ഈ സംഭവത്തിന് ശേഷമാണ് ഇതേ വീട്ടിൽ ഇന്നലെ ക്രൂരമായ കൊലപാതകം നടന്നത്.