തിരുവനന്തപുരത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി നിയമ വിദ്യാർത്ഥിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം ; 18കാരൻ അറസ്റ്റിൽ ; മുഖ്യപ്രതി ഒളിവിൽ

Spread the love

തിരുവനന്തപുരം: ലോ കോളെജ് വിദ്യാർഥിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ബാർട്ടൺ ഹില്ലിന് സമീപം നിയമ വിദ്യാർഥിക്ക് നേരെയുണ്ടായ അക്രമത്തിൽ കേസിലെ നാലാം പ്രതിയായ രാജാജി നഗർ ഫ്ലാറ്റ് നമ്പർ 397-ൽ നിരഞ്ജൻ സുനിൽകുമാർ (18) ആണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്.

ബാർട്ടൺ ഹിൽ ചാമ്പ്യൻ ഭാസ്കർ റോഡിന് സമീപം ഓഗസ്റ്റ് 15ന് രാത്രി ഒമ്പതരയോടെയായിരുന്നു ആക്രമണം നടന്നത്. ലോ കോളേജ് വിദ്യാർഥിയായ കാസർഗോഡ് ഇഖ്ബാൽ മൻസിൽ വീട്ടിൽ മുഹമ്മദ് റിസ്വാനാണ് വെട്ടേറ്റത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നത്. ബാർട്ടൺ ഹില്ലിന് സമീപത്തെ ഹോസ്റ്റലിലാണ് റിസ്വാൻ താമസിക്കുന്നത്. ഇവിടെ വച്ച് ഒൻപതംഗ സംഘം റിസ്വാനെ വടിവാൾ കൊണ്ട് വെട്ടാൻ ശ്രമിക്കവേ റിസ്വാൻ കൈകൊണ്ട് തടുക്കുകയും ഇടതുകൈമുട്ടിന് പരിക്കേൽക്കുകയുമായിരുന്നു.

ഒന്നാംപ്രതിയായ കിച്ചാമണി ഒളിവിലാണ്. കേസിലെ രണ്ടും മൂന്നും പ്രതികൾ നേരത്തെ സ്റ്റേഷനിൽ ഹാജരായി. മറ്റ് പ്രതികൾക്കായി അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. സിറ്റി ഷാഡോ ടീമിന്റെ സഹായത്തോടെ എസിപി സ്റ്റുവെർട്ട് കീലറിന്റെ നേതൃത്വത്തിൽ സി ഐ വിമൽ, എസ്.ഐമാരായ വിപിൻ, സൂരജ്, സി.പി.ഒമാരായ ഷൈൻ, ഷീല, ദീപു, ഉദയൻ, സുൽഫി ,സാജൻ ,അരുൺ, ഷംല, വൈശാഗ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group