തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുകാരന്‍ ഓടിച്ച വാഹനമിടിച്ച് ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം പെരുങ്കടവിളയില്‍ മദ്യപിച്ച് പൊലീസുകാരന്‍ ഓടിച്ച വാഹനമിടിച്ച് ദമ്പതികള്‍ക്ക് ഗുരുതര പരിക്കേറ്റു. പൊലീസ് ട്രെയിനിംഗ് കോളേജിലെ ഡ്രൈവര്‍ അനീഷ് ഓടിച്ച കാറിടിച്ചാണ് ദമ്പതികൾക്ക് പരിക്കേറ്റത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദമ്പതികൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച വൈകിട്ട് പെരിങ്കടവിള ജംഗ്ഷനിലായിരുന്നു അപകടം. പൊലീസ് ട്രെയിനിംഗ് കോളേജിലെ ഡ്രൈവറായ അനീഷും സുഹൃത്തുക്കളും സഞ്ചരിച്ച കാർ പെരുങ്കടവിളയില്‍ നിന്ന് 2 കിലോ മീറ്റര്‍ അകലെ കീഴാറൂറില്‍ ഓട്ടോ റിക്ഷയിലും ബൈക്കിലും ഇടിച്ച ശേഷമാണ് പെരുങ്കടവിളയില്‍ നിറുത്തിയിട്ടിരുന്ന ഒരു കാറിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തൊട്ടടുത്ത പലചരക്ക് കടയിലേക്ക് നിറുത്തിയിട്ടിരുന്ന കാർ ഇടിച്ച് കയറി. പിന്നാലെ നിയന്ത്രണം വിട്ട അനീഷിന്‍റെ കാർ തെളളുക്കുഴി സ്വദേശികളായ സജീവും ആതിരയും സഞ്ചിച്ചിരുന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ വളഞ്ഞതോടെ കാറിലുണ്ടായിരുന്നവര്‍ മദ്യക്കുപ്പികളുമായി ഓടി രക്ഷപെട്ടു.

അനീഷിന്‍റെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ പൊലീസുകാരാണെന്നും നാട്ടുകാര്‍ പറയുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് രണ്ട് പേരെ കസ്റ്റെഡിയിലെടുത്തു. പൊലീസ് ട്രെയിനിംഗ് കോളേജിന്‍റെ സ്റ്റിക്കര്‍ അപകടസമയം കാറിലുണ്ടായിരുന്നെന്നും, എന്നാൽ കസ്റ്റഡിയിലെടുത്ത ശേഷം കാറില്‍ നിന്ന് സ്റ്റിക്കര്‍ നീക്കം ചെയ്തു എന്നും പരാതിയുണ്ട്. അപകടത്തിൽ കേസെടുത്ത മാരായമുട്ടം പൊലീസ് വാഹനത്തില്‍ ഉണ്ടായിരുന്നവരില്‍ ആരും തന്നെ പൊലീസുകാരല്ല എന്ന കണ്ടെത്തലിലാണ്. ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ സജീവൻ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group