
കാൽനടയാത്രക്കാരായ അമ്മയെയും മകളെയും കാർ ഇടിച്ച് തെറിപ്പിച്ച സംഭവം; അപകടം ഉണ്ടാക്കിയ കാറിന് ഇൻഷുറൻസില്ല; റോഡിൻ്റെ വലതുവശത്ത് കൂടി പോകുകയായിരുന്ന യുവതിയെയും മകളെയും അമിതവേഗതിയ കാർ നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു; അപകടത്തിൽ യുവതി തൽക്ഷണം മരിച്ചു; മകൾ പരിക്കുകളോടെ ചികിത്സയിൽ
തിരുവനന്തപുരം: അമിതവേഗത്തിലെത്തി നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരായ അമ്മയെയും മകളെയും ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ, അപകടമുണ്ടാക്കിയ കാറിന് ഇൻഷുറൻസ് ഇല്ല. വർക്കല രജിസ്ട്രേഷനിലുള്ള ഹോണ്ട സിറ്റി കാറിന്‍റെ ഇൻഷുറൻസ് കഴിഞ്ഞ ഒക്ടോബർ 16 ന് അവസാനിച്ചതായാണ് മോട്ടോർ വാഹന വകുപ്പിന്‍റെ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസമാണ് മടവൂർ തോളൂരിൽ പലവക്കോട് പള്ളിമേടതിൽ വീട്ടിൽ സബീനയുടെ(39) ജീവനെടുത്ത അപകടം നടന്നത്.
റോഡിന്റെ വലതുവശത്തുകൂടി പോകുകയായിരുന്ന സബീനയെയും മകൾ അൽഫിയയെയും അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. സബീന സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.
ഇവരുടെ മകൾ അൽഫിയ (17) ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങവേയാണ് സബീനയേയും മകളേയും കാർ ഇടിച്ച് തെറിപ്പിച്ചത്. ഉടൻ തന്നെ ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സബീന മരിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിട്ട. സൈനിക ഉദ്യോഗസ്‌ഥനായ സാബു എന്നയാളാണ് കാർ ഓടിച്ചിരുന്നത്. മറ്റൊരാൾ കൂടി കാറിലുണ്ടായിരുന്നു. സബീനയും മകളും റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അപകമുണ്ടായെന്നാണ് സാബു പൊലീസിനോട് പറഞ്ഞത്.
എന്നാൽ വലത് വശം ചേർന്ന് നടന്ന് പോയ ഇവരെ അമിത വേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. സംഭവ സ്ഥലത്ത് സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ ചികിത്സയിൽ കഴിയുന്ന അൽഫിയയുടെ മൊഴിയെടുത്ത ശേഷമേ എന്താണ് സംഭവിച്ചത് എന്നറിയാൻ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്. വാഹനത്തിന്‍റെ ഇൻഷുറൻസ് വിവരങ്ങൾ പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.