വടക്കാഞ്ചേരിയിൽ പോലീസ് സഹോദരന്മാർ തമ്മിൽ അടിപിടി; കയ്യാങ്കളി വീടിനടുത്ത് ചപ്പുചവറുകൾ ഇട്ടതിനെ ചൊല്ലി

Spread the love

തൃശ്ശൂർ: തൃശ്ശൂർ വടക്കാഞ്ചേരിയില്‍ ഗ്രേഡ് എസ് ഐമാരും ഇരട്ടകളുമായ പൊലീസ് സഹോദരന്മാർ തമ്മിൽ അടിപിടി. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിലീപ് കുമാറും പഴയന്നൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പ്രദീപും തമ്മിലാണ് കയ്യാങ്കളി ഉണ്ടായത്. ചേലക്കരയിലെ വീടിന് മുന്നിലായിരുന്നു സംഭവം ഉണ്ടായത്.

വീടിനടുത്ത് ചപ്പുചവറുകൾ ഇട്ടതുമായി ബന്ധപ്പെട്ട വിഷയമാണ് കൈയ്യാങ്കളിയിലെത്തിയത്. ഇരുവരും ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി മടങ്ങി. പൊലീസ് സ്റ്റേഷനിലേക്ക് വിവരം നൽകിയതായി ആശുപത്രി അറിയിച്ചു. ഇരുവരും തമ്മിൽ നേരത്തെ അതിർത്തി തര്‍ക്കവും സ്വത്ത് തർക്കവും നിലനിന്നിരുന്നു. ചേലക്കരയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ദിലീപ് കുമാറിനെ അടുത്തിടെ വടക്കാഞ്ചേരിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.