video
play-sharp-fill
തൃശ്ശൂരിൽ വൻ സ്പിരിറ്റ് വേട്ട : സവാള ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ പിടികൂടിയത് 3000 ലിറ്റർ സ്പിരിറ്റ്

തൃശ്ശൂരിൽ വൻ സ്പിരിറ്റ് വേട്ട : സവാള ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ പിടികൂടിയത് 3000 ലിറ്റർ സ്പിരിറ്റ്

സ്വന്തം ലേഖിക

വരന്തരപ്പിളളി: തൃശൂർ ജില്ലയിലെ വരന്തരപ്പിള്ളിയിൽ മൂവായിരം ലിറ്റർ സ്പിരിറ്റ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കെ.പി.വിജയകുമാരൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടി.

ജില്ലയിലെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സ്പിരിറ്റ് കൊണ്ടുവന്ന് കളർ ചേർത്ത് മദ്യമാക്കി വിൽപന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.ഇതിനെ തുടർന്ന് രണ്ടു മാസത്തോളമായി ചാലക്കുടി ഡി വൈ എസ്പിയുടെ കീഴിലുള്ള വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിഴൽ പോലീസ് സംഘം പ്രത്യേകമായി നിരീക്ഷണം നടത്തിവരവേയാണ് ഇന്ന് പുലർച്ചെ സംശയകരമായ രീതിയിൽ കണ്ട ലോറി പരിശോധിച്ചതും സ്പിരിറ്റ് കണ്ടെത്തിയതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കായി ധാരാളം ലഹരി വസ്തുക്കൾ എത്താറുണ്ടെന്ന കാരണത്താൽ പുതുക്കാട് കൊടകര വരന്തരപ്പിള്ളി മുതലായ പ്രദേശങ്ങളിൽ കർശന പോലിസ് നിരിക്ഷണം നടത്തിവന്നിരുന്നതിനാലാവണം ക്രിസ്മസ് പുതുവത്സര ആഘോഷ സമയം ഒഴിവാക്കി സ്പിരിറ്റ് കടത്തിയതെന്ന് പോലീസ്’ അനുമാനിക്കുന്നത്.

ജില്ലയിലും പരിസര പ്രദേശങ്ങളിലും പള്ളിപ്പെരുന്നാളുകളും ഉത്സവങ്ങളും നടക്കുന്നതിനാൽ ഇതിനെലക്ഷ്യമാക്കിയാവാം സ്പിരിറ്റ് ഇപ്പോൾ എത്തിച്ചതെന്നും സംശയിക്കുന്നു.

ഈ ദിവസങ്ങളിൽ തമിഴ്‌നാട്ടിൽ നിന്നും സ്പിരിറ്റെത്തുമെന്ന സൂചനയെ തുടർന്ന് രണ്ടു ദിവസം മുൻപ് പുലർച്ചെ മുതൽ പ്രത്യേകാന്വേഷണ സംഘം കൊടകര, ചാലക്കുടി, കൊരട്ടി, ആമ്പല്ലൂർ എന്നിവിടങ്ങളിൽ രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് സ്പിരിറ്റ് നിറച്ച ലോറി വരന്തരപ്പിള്ളി ഭാഗത്ത് എത്തിയതായി ഡിവൈഎസ്പിക്ക് രഹസ്യ സന്ദേശം ലഭിച്ചത്. ഉടൻ വരന്തരപ്പിള്ളി സ്റ്റേഷനിൽ നൽകിയ നിർദ്ദേശത്തെ തുടർന്ന് സംശയകരമായി നിർത്തിയിട്ടിരിക്കുന്ന ലോറി പരിശോധിക്കാൻ ശ്രമിക്കവേ ലോറിയിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനസവാള ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 30 ലിറ്റർ വീതമുള്ള 95 ഓളം പ്ലാസ്റ്റിക് കന്നാസുകളിലാണ് മൂവായിരം ലിറ്റർ സ്പിരിറ്റ് കടത്തിക്കൊണ്ടു വന്നതെന്നു കണ്ടെത്തി.

ഈ ലോറിക്ക് അകമ്പടിയായി രണ്ടു ആഡംബര കാറുകളുമുണ്ടായിരുന്നു. പോലീസ് സംഘത്തെ കണ്ട് ഇവയിലുണ്ടായിരുന്നവരാവാം ലോറിയിലുണ്ടായിരുന്നവർക്ക് വിവരം കൈമാറിയതെന്ന് സംശയിക്കുന്നു. ഒരു മാരുതി സ്വിഫ്റ്റ് കാറും ഫോക്‌സ് വാഗൺ ജെറ്റ കാറുമാണ് അകമ്പടിയായി ഉണ്ടായിരുന്നത്.

പ്രത്യേകാന്വേഷണ സംഘത്തിൽ വരന്തരപ്പിള്ളി സിഐ ജയകൃഷ്ണൻ, എസ് ഐ ചിത്തരഞ്ജൻ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനു മോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എംമൂസ, വി.യു സിൽജോ, റെജി എ.യു, ഷിജോ തോമസ് വരന്തരപ്പിള്ളി സ്റ്റേഷനിലെ എഎസ്‌ഐമാരായ തോമസ്, ജോസഫ്, സുധീഷ്, ജിജു കരുണാകരൻ, സീനിയർ സിപിഒ മാരായ ബൈജു എം.സ്, രാജേഷ്, അജി വി.ഡി എന്നിവരാണ് ഉണ്ടായിരുന്നത്.

പിടികൂടിയ സ്പിരിറ്റും വാഹനവും തുടർനടപടികൾക്കായി വരന്തരപ്പിള്ളി സ്റ്റേഷനിലേക്ക് മാറ്റി.വാഹനമുപേക്ഷിച്ച് ഓടിപ്പോയവരെപ്പറ്റി സൂചന ലഭിച്ചതായി പോലിസ് അറിയിച്ചു. സ്പിരിറ്റ് കടത്തിനെപ്പറ്റിയും സ്പിരിറ്റ് ലോറിക്ക് അകമ്പടിയായി വന്ന ആഡംബര കാറുകളെപ്പറ്റിയും വിശദമായ അന്വേഷണത്തിലാണ് പോലീസ് സംഘം.

Tags :