
രാത്രി സ്കൂട്ടറിൽ എത്തിയ ദമ്പതിമാരെ തടഞ്ഞുനിർത്തി വെട്ടുകത്തി വീശി; വധശ്രമ കേസിൽ യുവാവ് പിടിയിൽ
തൃശൂർ: തൃശൂർ വലപ്പാട് വട്ടപ്പരത്തിയിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ തടഞ്ഞു നിർത്തി വെട്ടുകത്തി കൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വലപ്പാട് വട്ടപ്പരത്തി, മുറിയപുരയ്ക്കൽ വീട്ടിൽ സുമിത്ത്(29) ആണ് പിടിയിലായത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 26-ാം തീയ്യതി രാത്രി 8.15 മണിയോടെയാണ് സംഭവം. വാടാനപ്പിള്ളി കുട്ടമുഖം സ്വദേശിയായ ബിജുവും ഭാര്യയും സ്കൂട്ടറിൽ യാത്ര ചെയ്തു വട്ടപ്പരത്തി അമ്പലത്തിനടുത്ത് എത്തിയ സമയത്താണ് സുമിത്ത് ഇവരെ ആക്രമിച്ചത്.
മറ്റൊരു വാഹനത്തിലെത്തിയ സുമിത്ത് ബിജുവിന്റെ സ്കൂട്ടർ തടഞ്ഞു നിർത്തി കൈവശമുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് നേരെ ആഞ്ഞു വീശി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലനാരിഴക്കാണ് ബിജു വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടത്. സുമിത്ത് ഇവരെ വഴക്ക് പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താലാണ് കൊലപാതക ശ്രമമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം സുമിത്ത് ഒളിവിൽ പോയി.
ഇയാൾക്കായി പൊലീസ് പല ടീമുകളായി തിരിഞ്ഞ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് തൃശ്ശൂർ റൂറൽ ജില്ലാ പൊലിസ് മേധാവി ബി കൃഷ്ണകുമാർ ഐപിസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വട്ടപരത്തിയിൽ നിന്നും സുമിത്തിനെ അറസ്റ്റ് ചെയ്തത്
പിടിയിലായ സുമിത്തിന്റെ പേരിൽ വലപ്പാട് പൊലിസ് സ്റ്റേഷനിൽ 2013 ൽ ഒരു വധശ്രമ കേസും 2014 ൽ ഒരു കൊലപാതക കേസും, മറ്റൊരു വധശ്രമ കേസുമടക്കം 8 ഓളം ക്രിമിനൽ കേസുകളുണ്ട്. വലപ്പാട് പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ എബിൻ, പ്രൊബേഷൻ എസ്ഐ ജിഷ്ണു, എഎസ്ഐ ചഞ്ചൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രബിൻ, ലെനിൻ, സിവിൽ പൊലീസ് ഓഫീസർമാരായ റെനീഷ്, മുജീബ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
.