
അത്താണി: തൃശൂർ ജില്ലയിലെ അത്താണിയിൽ ക്ഷേത്രത്തിലെ പൂരത്തിനിടെ വയോധികയുടെ സ്വർണ്ണമാല കവർന്ന് രണ്ട് യുവതികൾ. കുറ്റിയങ്കാവ് പൂരത്തിരക്കിനിടയിലാണ് സംഭവം. ക്ഷേത്രത്തിലെത്തിയ മുണ്ടത്തിക്കോട് മാരാത്ത് കമലാക്ഷിയുടെ(74) രണ്ട് പവന്‍റെ മാലയാണ് മോഷണം പോയത്. ക്ഷേത്ര പരിസരത്ത് വെച്ചാണ് മോഷണം നടന്നത്.
അത്താണിക്ക് സമീപം മിണാലൂരിലെ കുറ്റിയങ്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു കമലാക്ഷി. ക്ഷേത്ര ദർശനത്തിനിടെയാണ് തന്‍റെ സ്വർമാല കാണാനില്ലെന്ന് വയോധിക മനസിലാക്കിയത്. ക്ഷേത്ര പരിസരത്ത് തെരച്ചിൽ നടത്തിയെങ്കിലും മാല കിട്ടിയില്ല. ഇതോടെ കമലാക്ഷി വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകി.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിലെത്തിയ രണ്ട് സ്ത്രീകൾ വയോധികയെ വളഞ്ഞ് മാല പൊട്ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായത്. വെള്ള ചുരിദാറും പച്ച ഷാളുമിട്ട ഒരു യുവതിയും പർപ്പിൾ കളറിലുള്ള സാരി ധരിച്ച ഒരു സ്ത്രീയും വയോധികയുടെ അടുത്തെത്തുന്നതും ഇവരെ വളഞ്ഞ് പിന്നിൽ നിന്നും മാല പൊട്ടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കമലാക്ഷി ക്ഷേത്രനടയിൽ പ്രസാദം വാങ്ങാനായി നിക്കുമ്പോഴാണ് സംഭവം. നിരവധി പേർ ചുറ്റിലുമുണ്ടായിരുന്ന സമയത്തായിരുന്നു സ്ത്രീകൾ വിദഗ്ധമായി മാല മോഷ്ടിച്ചത്. പിന്നീട് ക്ഷേത്രത്തിലെ പ്രസാദം വാങ്ങി ഇവർ കൂളായി തിരിച്ച് പോകുന്നതും കാണാം. മോഷണം നടത്തിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.