
റെയിൽവേ സ്റ്റേഷനിൽ എക്സൈസ്-ആർപിഎഫ് സംയുക്ത പരിശോധനയിൽ പിടിച്ചെടുത്തത് 33 കിലോഗ്രാമിലധികം കഞ്ചാവ്; ഒരു സ്ത്രീ അടക്കം 3 പേർ അറസ്റ്റിൽ
തൃശൂര്‍: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന എക്സൈസ് – ആര്‍പിഎഫ് സംയുക്ത പരിശോധനകളിൽ 33 കിലോഗ്രാമിലധികം കഞ്ചാവ് പിടികൂടി.
കഞ്ചാവ് കടത്തിക്കൊണ്ട് വന്ന മൂന്ന് പേരും അറസ്റ്റിലായിട്ടുണ്ട്. തൃശൂർ എക്സൈസ് സർക്കിൾ ഓഫീസ്, എക്സൈസ് ഇന്‍റലിജൻസ്, തൃശൂർ എക്സൈസ് റേഞ്ച് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും ആര്‍പിഎഫും ചേർന്നാണ് 23.4 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി കമൽ കുമാർ മൊണ്ടേൽ (25) എന്നയാളെ പിടികൂടിയത്. പെയിന്റ് ഡബ്ബയിൽ ആണ് ഇയാൾ കഞ്ചാവ് കടത്തിയത്.
എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സതീഷ് കുമാർ, ഐബി ഇൻസ്പെക്ടർ പ്രസാദ്, തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുധീർ എന്നിവരോടൊപ്പം അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്)മാരായ സന്തോഷ് പി ആർ, എൻ ജി സുനിൽ കുമാർ, പ്രിവന്‍റീവ് ഓഫീസർ പി രാമചന്ദ്രൻ, പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്) സി എൽ ജയിൻ, സിവിൽ എക്സൈസ് ഓഫീസർ അജീഷ് ഇ ആർ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂര്‍ എക്സൈസ് എൻഫോഴ്സ്‌മെന്‍റ് ആൻഡ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി ജെ റോയിയും സംഘവും ആര്‍പിഎഫും ചേർന്ന് നടത്തിയ പരിശോധനയിൽ 8.02 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിനി അഞ്ജന മണ്ഡലിനേയും, 1.98 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി ഫിറോജ് എസ് കെ എന്നയാളെയും അറസ്റ്റ് ചെയ്തു.
അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ സോണി, ഗിരീഷ്, വത്സൻ, പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്)മാരായ ബാബു, ഷാജു, സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ റിജോ, തൗഫീക്ക്, വനിത സിവിൽ എക്സൈസ് ഓഫീസർ ചിഞ്ചു പോൾ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സംഗീത് എന്നിവരും കേസെടുത്ത എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
അതേസമയം, വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നടന്ന പരിശോധനയിൽ ഷോൾഡർ ബാഗിൽ ഒളിപ്പിച്ച നിലയിൽ 3.4 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജിജി പോളിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു.
റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ സി പി മധു, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി എ ഹരിദാസ്, എ ആർ സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ പ്രശോഭ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പി എൻ പ്രദീപൻ എന്നിവരും പങ്കെടുത്തു.