
പൂരലഹരിയില്‍ തൃശൂര്‍; ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍
തൃശ്ശൂർ: പൂരലഹരിയില്‍ തൃശൂര്‍. വടക്കുംനാഥ ക്ഷേത്രസന്നിധിയിലേക്കുള്ള കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തിന് തുടക്കമായി. രാവിലെ 6.45 ന് ചെമ്പുക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്ക് പുറപ്പെടും.
ഇക്കുറി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആണ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. തുടര്‍ന്നാണ് ഘടകക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങളുടെ വരവ്. വൈകീട്ട് അഞ്ചരയോടെയാണ് കാഴ്ചയുടെ വിസ്മയമായ കുടമാറ്റം.
9 മണിയോടെ വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തുന്ന രാമചന്ദ്രന്‍ പൂര ദിവസം തെക്കേനടയിലൂടെ ആദ്യം പുറത്തിറങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടക ക്ഷേത്രങ്ങളില്‍ നിന്നുമുള്ള ഭഗവതി ശാസ്താമാരും ഇന്ന് വടക്കുംനാഥനെ വണങ്ങാനെത്തും. രാവിലെ 7.30ന് കണിമംഗലം ശാസ്താവ് ആണ് ആദ്യം എഴുന്നള്ളി എത്തുക. തുടര്‍ന്ന് ചെമ്പൂക്കാവ് ഭഗവതി, പനമുക്കുംപിള്ളി ശാസ്താവ്, കാരമുക്ക് ഭഗവതി, ലാലൂര്‍ ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, അയ്യന്തോള്‍ ഭഗവതി, നെയ്തലക്കാവ് ഭഗവതി എന്ന ക്രമത്തില്‍ എഴുന്നള്ളിപ്പുകള്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ പ്രവേശിക്കും.
11.30ന് തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തെക്കേ മഠത്തിനു മുന്നിലെത്തുമ്പോള്‍ നടക്കുന്ന മഠത്തില്‍ വരവ് പഞ്ചവാദ്യം കാണാന്‍ ആയിരങ്ങള്‍ അവിടെ ഇടം പിടിക്കും. കോങ്ങാട് മധു ആണ് പ്രമാണി. പാറമേക്കാവില്‍ നിന്ന് ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന എഴുന്നള്ളിപ്പിന് ചെമ്പട മേളം അകടമ്പടിയായി ഉണ്ടാകും.
ഉച്ചയ്ക്ക് രണ്ടിന് വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് ഇലഞ്ഞിത്തറ മേളമായി അതു മാറും. കിഴക്കൂട്ട് അനിയന്‍ മാരാരാണ് പ്രമാണി. വൈകിട്ട് 5.30ന് തെക്കേനടയില്‍ കുടമാറ്റം. നാളെ പുലര്‍ച്ചെ 3ന് വെടിക്കെട്ട്.
പൂരം പ്രമാണിച്ച് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പെഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കമാന്‍ഡോകളെയും വിന്യസിപ്പിച്ചിട്ടുണ്ട്. സ്വരാജ് ഗ്രൗണ്ടിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.