
തൃശൂർ: മാതാപിതാക്കളെ ആക്രമിച്ച് സ്വർണ മാല കവർച്ച ചെയ്ത കേസിൽ മകൻ അറസ്റ്റിൽ. മറ്റത്തൂർ ഐപ്പുട്ടിപ്പടി സ്വദേശി സുരേഷിനെ (52) ആണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം മറ്റത്തൂർ ഐപ്പുട്ടിപ്പടി സ്വദേശി പാറപറമ്പിൽ വീട്ടിൽ രാമു (74) വിനെയും ഭാര്യ വാസന്തിയെയും മൂത്ത മകനായ സുരേഷ് വീട്ടിൽ വെച്ച് അസഭ്യം പറയുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തു. പിന്നീട് വീടിൻ്റെ അകത്ത് കയറി കിടപ്പുമുറിയുടെ വാതിൽ തകർത്ത് റൂമിലെ അലമാരക്കകത്ത് സൂക്ഷിച്ചിരുന്ന രണ്ടേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണമാല കവർന്നു. സംഭവത്തിൻ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയ്യിൽ നിന്ന് മതിലകം പടിഞ്ഞാറേ വെമ്പല്ലൂരിലുള്ള ഫിനാൻസ് സ്ഥാപനത്തിൽ 20000 രൂപക്ക് സ്വർണ മാല പണയം വെച്ചതിന്റെ രസീത് പിടിച്ചെടുത്തിട്ടുണ്ട്.
രാമുവിനും ഭാര്യയ്ക്കും മൂന്ന് മക്കളാണ്. മകൾ എറിയാടും രണ്ടാമത്തെ മകൻ കൊടുങ്ങല്ലൂരിലുമാണ് കുടുബമായി താമസിക്കുന്നത്. മൂത്ത മകൻ സുരേഷ് വിവാഹിതനാണ്. ഇയാളുടെ ഭാര്യയും മക്കളും സുരേഷുമായി വേർപിരിഞ്ഞ് കഴിയുകയാണ്. സുരേഷ് കാര്യമായ ജോലിക്കൊന്നും പോകുന്നില്ല. അച്ഛന്റെയും അമ്മയുടെയും ചെലവിലാണ് കഴിയുന്നത്. ആഗസ്റ്റ് 23 ന് രാത്രിയിൽ സുരേഷ് അച്ഛനോട് 10,000 രൂപ ആവശ്യപ്പെട്ടാണ് അസഭ്യം പറയുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സുരേഷ് പണം ചോദിച്ചത് കൊടുക്കാത്തതിനാൽ അമ്മ വാസന്തിയെ മരംമുറിക്കുന്ന അറക്കവാൾ കൊണ്ട് തലയിലും ഇടത് കൈ വിരലിലും വെട്ടുകയും വീട്ടിലെ സാധനങ്ങൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചതിന് രണ്ട് കേസിലും ലഹരി ഉപയോഗിച്ച് പൊതുജനങ്ങളെ ശല്യം ചെയ്ത രണ്ട് കേസിലും കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ ഒരു അടിപിടി കേസിലും അടക്കം ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണൻ കെ, എസ്ഐ ശ്രീനിവാസൻ.എംഎസ്, ജിഎഎസ്ഐ മനോജ്, ജി.എസ്.സി.പി.ഒ ബിജേഷ്, സി.പി.ഒ. അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.