വീട്ടിലെ പുല്ല് പറിച്ചില്ല; തൃശ്ശൂരിൽ യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം; തടയാനെത്തിയ ഇളയ മകനെ ഹെൽമെറ്റ് കൊണ്ട് അടിച്ചു; പ്രതി അറസ്റ്റിൽ

Spread the love

തൃശൂർ: വീട്ടിലെ പുല്ല് പറിച്ചില്ലെന്നാരോപിച്ച് മദ്യ ലഹരിയിൽ ഭാര്യയും മക്കളെയും മർദ്ദിച്ച സ്വകാര്യ ബസ് ഡ്രൈവറായിരുന്ന ഭർത്താവ് അറസ്റ്റിൽ. കുന്നംകുളം ചൊവ്വന്നൂർ പന്തല്ലൂർ സ്വദേശി വിനീഷി (38)നെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ സിനി, മക്കളായ അദ്വൈത് (14), ആഘോഷ് (9) എന്നിവരെയാണ് പ്രതി ആക്രമിച്ചത്. സ്ഥിരമായി മദ്യപിച്ച് എത്തുന്ന പ്രതി ഓരോ കാരണങ്ങൾ കണ്ടു പിടിച്ച് ഭാര്യയെ മർദ്ദിക്കുക പതിവാണ്. നാട്ടുകാർ ഇടപ്പെട്ട് വിനീഷിനെ ശാസിക്കാറുണ്ട്.

ഓഗസ്റ്റ് ഒന്നിന് രാത്രി എട്ടിന് മദ്യലഹരിയിൽ വീട്ടിലെത്തിയ പ്രതി പതിവുപോലെ വഴക്കുണ്ടാക്കുകയും വീട്ടിലെ പുല്ല് പറിച്ചില്ലെന്നാരോപിച്ച് സിനിയെ ക്രൂരമായി മർദ്ദിക്കുകയും തടയാനെത്തിയ ഇളയ മകനെ ഹെൽമറ്റ് ഉപയോഗിച്ച് അടിക്കുകയും മൂത്ത മകനെ ചെരുപ്പുകൊണ്ട് മുഖത്തും ചെവിയിലും അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. പരിക്കുകളുടെ മൂന്നുപേരെയും കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് കുന്നംകുളം പൊലീസ് പ്രതിക്കെതിരെ കേസെടുത്തത്.