video
play-sharp-fill

പാടത്ത് വളർത്തുന്ന താറാവിനെ പിടിച്ചുകൊണ്ടുപോയി; തടഞ്ഞ വയോധികയ്ക്ക് ഗുണ്ടകളുടെ മർദ്ദനം; നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ 5 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

പാടത്ത് വളർത്തുന്ന താറാവിനെ പിടിച്ചുകൊണ്ടുപോയി; തടഞ്ഞ വയോധികയ്ക്ക് ഗുണ്ടകളുടെ മർദ്ദനം; നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ 5 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

Spread the love

തൃശൂര്‍: താറാവിനെ പിടികൂടുന്നത് തടഞ്ഞ വയോധികയെ ആക്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. മുനയം എടതിരിത്തിയില്‍ താമസിക്കുന്ന അമിത്ത് ശങ്കര്‍ (32) കാട്ടൂര്‍ മുനയം സ്വദേശികളായ ബാലു (27) അഭിജിത്ത് (25), പ്രബിന്‍ (31) ,അയ്യന്തോള്‍ സ്വദേശി വിജില്‍ (34) എന്നിവരെയാണ് ചേര്‍പ്പ് പൊലീസ് എസ്എച്ച്ഒ യും സംഘവും അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് മധുരൈ സ്വദേശിയായ വള്ളിയമ്മ (50)യെയാണ് ഇവര്‍ ആക്രമിച്ചത്.

ചേര്‍പ്പ് മുത്തുള്ളിയാല്‍ പാടം പാട്ടത്തിനെടുത്ത് 1,500 ഓളം താറാവുകളെ വളര്‍ത്തുകയായിരുന്നു വള്ളിയമ്മ. താറാവുകളെ നോക്കാനായി സഹായത്തിന് നിര്‍ത്തിയ രാധാകൃഷ്ണന്‍, മണികണ്ഠന്‍ എന്നിവര്‍  ഭക്ഷണം കഴിക്കാന്‍ പോയ സമയം നോക്കി ഉച്ചയ്ക്ക് 1.30 ഓടെ പാടത്തേക്കുള്ള ബണ്ടിലൂടെ പ്രതികള്‍ ഒരു  കാറില്‍ വരികയായിരുന്നു. തുടര്‍ന്ന് പ്രതികളില്‍ മൂന്നു പേര്‍ പാടത്തേക്ക്  ഇറങ്ങി താറാവുകളെ പിടിച്ചു.
ഇത് കണ്ട് തടയാന്‍ ചെന്ന വള്ളിയമ്മയെ തടഞ്ഞു നിര്‍ത്തി ബലമായി കഴുത്തില്‍ കുത്തിപിടിക്കുകയും ചെകിടത്തടിച്ച് തള്ളിതാഴെയിടുകയും ചെയ്തു. തുടര്‍ന്ന്  5,100 രൂപ വില വരുന്ന 17  താറാവുകളെ കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.
കേസില്‍ അന്വേഷണം നടത്തുന്നതിനിടെ താറാവുകളെ കടത്തിക്കൊണ്ടുപോയ കാറിന്‍റെ ഉടമയായ വിജിലിനെ കാട്ടൂരില്‍ നിന്നും പിടികൂടി. തുടര്‍ന്ന് അമിത്ത് ശങ്കറും കൂട്ടാളികളും കാട്ടൂര്‍ മുനയം എന്ന സ്ഥലത്ത് ഉള്ളതായി രഹസ്യ വിവരം ലഭിച്ചത് പ്രകാരം മുനയത്തുനിന്നും ഇവരേയും പിടികൂടി. പ്രതികളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലിസ് പറഞ്ഞു.