തൃശ്ശൂരിൽ പാമ്പ് കടിയേറ്റ് ആറുവയസ്സുകാരി മരിച്ച സംഭവം: വാടകയ്ക്ക് താമസിച്ച ഷെഡ്ഡിൽ ഉറങ്ങിക്കിടക്കുമ്പോൾ കടിയേറ്റതെന്ന് സംശയം

Spread the love

തൃശൂർ: എങ്ങണ്ടിയൂർ തച്ചാട് വീട്ടിൽ ഇനി അനാമികയുടെ കളികളോ പൊട്ടിച്ചിരിയോ കൊഞ്ചലോ സഹോദരങ്ങളോടുള്ള കൊച്ചുകൊച്ചു വഴക്കുകളോ ഇല്ല. മുത്തച്ഛനോടൊപ്പം രാത്രി ഉറങ്ങാൻ കിടന്ന അവളെ വിധി ഒരു പാമ്പിൻ കുഞ്ഞിൻ്റെ രൂപത്തിലെത്തി കവർന്നു. തളിക്കുളം പത്താംകല്ല് സി.എം.എസ്.യു.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്.

ഇടശ്ശേരി സി. എസ്. എം. സ്കൂളിന് കിഴക്ക് പുളിയംതുരുത്ത് വാടകക്ക് താമസിക്കുകയായിരുന്നു അനാമികയും കുടുംബവും. കൂലിപ്പണിക്കാരനായ നന്ദുവും ഭാര്യ ലക്ഷ്മിയും അനാമികയടക്കം മൂന്ന് മക്കൾക്കൊപ്പം താമസിച്ച ഷീറ്റ് വിരിച്ച ഷെഡ് വീടിന് ചുറ്റും പൊന്തക്കാടാണ്. പതിവായി വീട്ടുപരിസരത്ത് അണലിയെ കാണാറുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ കണ്ട പാമ്പിനെ വീട്ടുകാർ തല്ലിക്കൊന്നിരുന്നു. എന്നാൽ പ്രദേശത്ത് കൂടുതൽ പാമ്പുകളുണ്ടാകുമെന്ന് ഇവർ സംശയിച്ചില്ല. ചൊവ്വാഴ്ച രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാകാം അനാമികയെ പാമ്പ് കടിച്ചതെന്നാണ് ഇപ്പോഴത്തെ സംശയം.

ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം മുത്തച്ഛന്റെ കൂടെ ഉറങ്ങാൻ കിടന്നതായിരുന്നു അനാമിക. രാത്രി ഉറക്കത്തിൽ കുഞ്ഞിനെ പാമ്പ് കടിച്ചെന്നാണ് സംശയം. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് കാല് വേദനിക്കുന്നു, വയറു വേദനിക്കുന്നുവെന്ന് പറഞ്ഞ് കുഞ്ഞ് കരഞ്ഞു. മാതാപിതാക്കൾ ഉടനെ അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. വയറുവേദനയ്ക്ക് മരുന്ന്, കാലിൽ പുരട്ടാൻ ഓയിൽമെന്റ് എന്നിവ കൊടുത്തു. കുറച്ചുനേരം നിരീക്ഷണത്തിൽ ഇരുത്തിയ ശേഷം വീട്ടിലേക്ക് മടക്കി.