സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ത്രിപുരയില്‍ ഫെബ്രുവരി 16ന് വോട്ടെടുപ്പ്; മേഘാലയയിലും നാഗാലാന്‍ഡിലും 27ന്; മാര്‍ച്ച് 2ന് വോട്ടെണ്ണല്‍
സ്വന്തം ലേഖകൻ
ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 16നും, മേഘാലയയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27നുമാണ് വോട്ടെടുപ്പ്. മൂന്നിടത്തും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് രണ്ടിന് ഫലം പ്രഖ്യാപനം നടത്തുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
മൂന്നിടത്തുമായി 62.8 ലക്ഷം വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 2.28 ലക്ഷം കന്നിവോട്ടര്‍മാരാണ്. പോളിങ്ങ് സ്‌റ്റേഷനുകളുടെ എണ്ണം 9125 ആണ്. കഴിഞ്ഞതവണത്തേക്കാള്‍ ഇത്തവണ 634 പോളിങ്ങ് ബൂത്തുകളുടെ വര്‍ധനവ് ഉണ്ട്. മൂന്ന് ഇടത്തും പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാരാണ് ഉള്ളതെന്നും മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മേഘാലയത്തിലാണ് പോളിങ് ബൂത്തുകളുടെ എണ്ണം കൂടുതലുള്ളത്. അവിടെ 3, 482 ആണ് പോളിങ് ബൂത്തുകളുടെ എണ്ണം. ത്രിപുരയില്‍ 3,328 ഉം നാഗാലാന്‍ഡില്‍ 2,315 പോളിങ് സ്‌റ്റേഷനുകളും ഉണ്ടാകും. മൂന്നിടത്തുമായി 376 പോളിങ് സ്‌റ്റേഷനുകളുടെ നിയന്ത്രണം വനിതാ ഉദ്യോഗസ്ഥര്‍ക്കായിരിക്കും
നാഗാലാന്‍ഡ് നിയമസഭയുടെ കാലാവധി മാര്‍ച്ച് 12നും, മേഘാലയില്‍ മാര്‍ച്ച് പതിനഞ്ചിനുംസ ത്രിപുരയില്‍ മാര്‍ച്ച് 22നും അവസാനിക്കും. മൂന്ന് നിയമസഭയുടെയും കാലവധി അവസാനിക്കും. അറുപതംഗ നിയമസഭയാണ് മൂന്ന് സംസ്ഥാനങ്ങളിലും ഉള്ളത്. നിലവില്‍ മൂന്ന് ഇടങ്ങളിലും ബിജെപി നേതൃത്വത്തിലുള്ള മുന്നണിയാണ് ഭരണം നടത്തുന്നത്. ത്രിപുരയില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റുക ലക്ഷ്യമിട്ട് സിപിഎം കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സംയുക്തമായാകും തെരഞ്ഞെടുപ്പിനെ നേരിടുക. ഭരണവിരുദ്ധ വികാരമുണ്ടായ സാഹചര്യത്തില്‍ ബിപ്ലബ് ദേബിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയത് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടാണ്.
സിപിഐഎമ്മും കോണ്‍ഗ്രസും ബിജെപിയെ നേരിടാന്‍ ഒരുമിച്ച് നില്‍ക്കുന്നതാണ് ത്രിപുരയിലെ ശ്രദ്ധേയ കാഴ്ച. സീറ്റ് ധാരണ ചര്‍ച്ചകളിലേക്ക് കടന്നപ്പോള്‍ തന്നെ സിപിഐഎം-കോണ്‍ഗ്രസ് സഹകരണത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
ത്രിപുരയിലെ 60 സീറ്റുകളില്‍ 20ലും ഗോത്രവര്‍ഗക്കാര്‍ക്കാണ് ആധിപത്യം. 2018ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 33 സീറ്റും ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) 4 സീറ്റും സിപിഐഎം 15 സീറ്റും കോണ്‍ഗ്രസ് ഒരു സീറ്റും നേടി. ആറ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. സംസ്ഥാനത്ത് 25 വര്‍ഷം ഭരിച്ച ഇടതുപക്ഷത്തെ അട്ടിമറിച്ചാണ് ബിജെപി അധികാരത്തിലെത്തുകയും ബിപ്ലബ് ദേബ് മുഖ്യമന്ത്രിയാകുകയും ചെയ്തത്. കഴിഞ്ഞ മേയില്‍ ബിജെപിയുടെ മണിക് സാഹ ത്രിപുരയില്‍ ഭരണത്തിലെത്തി. സംസ്ഥാനത്ത് ഐപിഎഫ്ടിയെ ഒപ്പം നിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്.