video
play-sharp-fill
വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളായപ്പോള്‍ ഭാര്യയ്ക്ക് ഉയരം കുറവെന്ന് പരാതി; മുത്തലാഖ് ചൊല്ലാന്‍ തീരുമാനിച്ച ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ ഷഫീനയും രണ്ട് മക്കളും നടത്തിവരുന്ന കുത്തിയിരുപ്പ് സമരം മൂന്നാം ദിവസത്തിലേക്ക്; നിരോധിച്ചിട്ടില്ലെങ്കിലും നിയമപരമല്ലാത്ത മുത്തലാഖ് ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍..!

വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളായപ്പോള്‍ ഭാര്യയ്ക്ക് ഉയരം കുറവെന്ന് പരാതി; മുത്തലാഖ് ചൊല്ലാന്‍ തീരുമാനിച്ച ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ ഷഫീനയും രണ്ട് മക്കളും നടത്തിവരുന്ന കുത്തിയിരുപ്പ് സമരം മൂന്നാം ദിവസത്തിലേക്ക്; നിരോധിച്ചിട്ടില്ലെങ്കിലും നിയമപരമല്ലാത്ത മുത്തലാഖ് ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍..!

സ്വന്തം ലേഖകന്‍

നാദാപുരം: മുത്തലാഖ് ചൊല്ലാനുള്ള ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും തീരുമാനത്തിനെതിരെ കോഴിക്കോട് നാദാപുരം വാണിമേല്‍ സ്വദേശിനി ഷഫീനയാണ് ഭര്‍ത്താവ് കിഴക്കെപറമ്പത്ത് ഷാഫിയുടെ വീട്ടില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. ഇവരുടെ മക്കളായ സിയഫാത്തി, മുഹമ്മദ് ഷീനാസ് എന്നിവരും മാതാവിനൊപ്പം കുത്തിയിരിപ്പ് സമരത്തിലുണ്ട്.

2010 ഏപ്രില്‍ മാസത്തിലാണ് ഷഫീനയും ഷാഫിയും വിവാഹിതരായത്. വര്‍ഷങ്ങളായി ഒമാനില്‍ ജോലി ചെയ്യുന്ന ഷാഫി ഭാര്യയെയും മക്കളെയും വിദേശത്തേക്ക് കൊണ്ട് പോയിരുന്നു. പിന്നീട് കുടുംബത്തെ നാട്ടിലേക്ക് തിരികെ അയക്കുകയും ഭാര്യയോടും മക്കളോടും ഭാര്യയുടെ വാണിമേലിലുള്ള സ്വന്തം വീട്ടിലേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്‌ശേഷം ഇരുവരും തമ്മില്‍ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഷാഫി ഷഫീനയെ ഫോണില്‍ വിളിച്ച് പേരോടുള്ള തന്റെ പുതിയ വീട്ടിലേക്ക് പോകാന്‍ പറയുകയായിരുന്നു.
ഇതേസമയം തന്നെ ഷഫീനയെ വീട്ടിലേക്ക് പ്രവേശിപ്പിക്കരുതെന്ന നിര്‍ദ്ദേശം പിതാവിനും ബന്ധുക്കള്‍ക്കും നല്‍കി.

ഇതോടെ പേരോടുള്ള വീട്ടിലെത്തിയ ഷഫീനയെയും മക്കളെയും ഷാഫിയുടെ വീട്ടുകാര്‍ തടയുകയും വീട്ടിലേക്ക് പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് ഷഫീനയുടെ വീട്ടുകാരും രംഗത്തെത്തി. ഇരുവീട്ടുകാര്‍ക്കുമിടയില്‍ മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ് ഷാഫി ആദ്യം ഷഫീനയോട് പുതിയ വീട്ടിലേക്ക് പോകാന്‍ പറഞ്ഞത്.

ഭര്‍തൃ വീട്ടുകാര്‍ പുതിയ വീട്ടിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞതോടെയാണ് ഷഫീന പേരോടുള്ള വീട്ടില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. സമരം ഇന്നേക്ക് മൂന്ന് ദിവസം പിന്നിട്ടു. ഷഫീനക്ക് ഉയരം കുറവാണ് എന്നാണ് വിവാഹ മോചനത്തിന് കാരണമായി ഷാഫി പറയുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണോ തനിക്ക് ഉയരം കുറവാണ് എന്ന് ഭര്‍ത്താവിന് മനസ്സിലായത് എന്നാണ് ഷഫീന ചോദിക്കുന്നത്.

വീടിന്റെയും സ്ഥലത്തിന്റെയും ഉടമസ്ഥതയെ സംബന്ധിച്ച് കോടതിയില്‍ കേസുണ്ട്. ഇതിന്റെ വിധി വന്നതിന് ശേഷം മാത്രമേ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളൂ എന്നാണ് ഷാഫിയുടെ പിതാവ് പറയുന്നത്. അതുവരെ ഷഫീനയും മക്കളും ഇവിടേക്ക് പ്രവേശിക്കരുതെന്നും ഷാഫിയുടെ പിതാവായ കുഞ്ഞബ്ദുള്ള ഹാജി പറയുന്നു.

ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനാകില്ലെന്ന തീരുമാനത്തിലാണ് ഷഫീന മക്കളെയും കൂട്ടി സമരം ആരംഭിച്ചത്. ഇതിനിടയില്‍ അന്‍പതോളം വരുന്ന ഷാഫിയുടെ ബന്ധുക്കള്‍ വീട്ടിലെത്തി ഷഫീനയെ ഭീഷണിപ്പെടുത്തുകയും വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.

പരാതി അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് നിരീക്ഷണം ഏര്‍പ്പെടുത്തി. പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.സുനില്‍കുമാര്‍ ഇരുവിഭാഗത്തെയും ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ഫലം കാണാതെ പിരിയുകയും സമരം തുടരുകയുമായിരുന്നു.

ഷഫീനയ്ക്കു കൂടി അവകാശപ്പെട്ടതാണ് വീടെന്നിരിക്കെ വീടു പൂട്ടി താക്കോല്‍ കൈവശപ്പെടുത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പിന്തുണയുമായ് എത്തിയ സിപിഎം നേതാക്കള്‍ പറഞ്ഞു. വീടിന് പുറത്ത് വരാന്തയിലാണ് ഷഫീനയും മക്കളും ഇപ്പോള്‍ സമരം നടത്തുന്നത്. ഷഫീനക്കും മക്കള്‍ക്കും നീതി ലഭിക്കുന്നതിന് ബാലാവകാശ കമ്മിഷനെയും വനിതാ കമ്മിഷനെയും സമീപിക്കാനൊരുങ്ങുകയാണ് സിപിഎം നേതാക്കള്‍.