ഓട്ടം വിളിച്ച ശേഷം ഓട്ടോ ഡ്രൈവറെ റബർ തോട്ടത്തിന് സമീപത്തെത്തിച്ച് വധിക്കാൻ ശ്രമിച്ചു ; രണ്ട് പേർ അറസ്റ്റിൽ
തിരുവനന്തപുരം : നെടുമങ്ങാട് സ്റ്റാന്‍റില്‍ നിന്നും ഓട്ടോക്കാരനെ ഓട്ടം വിളിച്ചുകൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍.
കോട്ടൂർ മുണ്ടണിയിലെ പ്രകാശ്, പ്രദീപ് എന്നിവരെയാണ് കാട്ടാക്കട പൊലീസ് പിടികൂടിയത്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
റാന്നി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കൊലപാതക കേസില്‍ കോടതിയില്‍ ഹാജരാകാതെ നടന്ന പ്രതികളെ പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. നെയ്യാർ ഡാം പൊലീസിന്‍റെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതികളാണിവർ. കൊല്ലം ജില്ലയില്‍ ഒളിവില്‍ കഴിയവേയാണ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കഴിഞ്ഞ പതിനൊന്നിന് ആണ് കേസിനു ആസ്പദമായ സംഭവം നടന്നത്. നെടുമങ്ങാട് കരിപ്പൂരിലെ ഖാദി ബോര്‍ഡിനു സമീപം താമസിക്കുന്ന ശിവകുമാർ എന്ന ഓട്ടോ ഡ്രൈവറെയാണ് പ്രതികള്‍ ആക്രമിച്ചത്. വ്യാഴാഴ്ച 12 മണിയോടെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഓട്ടോ ചാർജ് പ്രതികളുടെ പക്കല്‍ ഇല്ലെന്നും മറ്റൊരു ആളില്‍ നിന്നും വാങ്ങി നല്‍കാമെന്നും പറഞ്ഞു കോട്ടൂരില്‍ എത്തിച്ചു. പിന്നീട് അവിടെ നിന്നും പൂവച്ചല്‍ കാപ്പിക്കാട് പത്തേക്കർ റബര്‍ തോട്ടത്തിന് സമീപം എത്തിച്ചു വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.