video
play-sharp-fill

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവത്തിൽ സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആദിവാസി യുവാവ് പോലീസ് സ്‌റ്റേഷനിൽ തൂങ്ങിമരിച്ച സംഭവം: സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോസ്ഥർക്ക് വീഴ്‌ച സംഭവിച്ചതായി ജില്ലാ പോലീസ് മേധാവിയുടെ പ്രാഥമിക റിപ്പോർട്ട്; റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവത്തിൽ സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആദിവാസി യുവാവ് പോലീസ് സ്‌റ്റേഷനിൽ തൂങ്ങിമരിച്ച സംഭവം: സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോസ്ഥർക്ക് വീഴ്‌ച സംഭവിച്ചതായി ജില്ലാ പോലീസ് മേധാവിയുടെ പ്രാഥമിക റിപ്പോർട്ട്; റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

Spread the love

കല്പറ്റ: ആദിവാസി യുവാവ് പോലീസ് സ്‌റ്റേഷനിൽ തൂങ്ങിമരിച്ച സംഭവത്തിൽ സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോസ്ഥർക്ക് വീഴ്‌ച സംഭവിച്ചതായി ജില്ലാ പോലീസ് മേധാവിയുടെ പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ ജില്ലാ പോലീസ് മേധാവി തയ്യാറാക്കിയ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. യുവാവ് ശൗചാലയത്തിൽ പോയി പുറത്തുവരാൻ വൈകിയപ്പോൾ ഉദ്യോഗസ്ഥർ ജാഗ്രത കാണിച്ചില്ലെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നത്.

എന്തുകൊണ്ടാണ് യുവാവ് തിരികെവരാത്തതെന്ന് പെട്ടെന്ന് നോക്കിയില്ലെന്നും ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വീഴ്‌ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാനും റിപ്പോർട്ടിൽ ശുപാർശയുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

അതിനിടെ, യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇതുസംബന്ധിച്ച് വൈകാതെ ഉത്തരവിറങ്ങും. അമ്പലവയൽ നെല്ലാറച്ചാൽ പുതിയപാടി വീട്ടിൽ ഗോകുൽ ആണ് കഴിഞ്ഞദിവസം രാവിലെ കല്പറ്റ പോലീസ് സ്‌റ്റേഷനിലെ ശൗചാലയത്തിൽ തൂങ്ങിമരിച്ചത്. ചൊവ്വാഴ്‌ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് കസ്റ്റഡിയിലായിരുന്ന ഗോകുൽ 7.45-ഓടെ ശൗചാലയത്തിൽ പോകണമെന്ന് ആവശ്യപ്പെട്ടെന്നും എട്ടുമണിയായിട്ടും യുവാവ് പുറത്തുവരാത്തതിനാൽ വാതിൽ ചവിട്ടിപ്പൊളിച്ച് പരിശോധിച്ചപ്പോഴാണ് ധരിച്ചിരുന്ന ഫുൾകൈ ഷർട്ട് ഊരി ശൗചാലയത്തിലെ ഷവറിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നുമാണ് പോലീസ് പറയുന്നത്. ഉടൻ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ഗോകുലിനെയും ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിൽനിന്ന് കാണാതായത്‌. ഈ കേസിലാണ് ഗോകുലിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. തിങ്കളാഴ്‌ച ഇരുവരെയും കോഴിക്കോട് ബീച്ചിൽവെച്ച് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് കോഴിക്കോട് വനിതാ സെല്ലിൽ ഹാജരാക്കിയ ഇരുവരെയും പിന്നീട് കല്പറ്റ സ്റ്റേഷനിലെത്തിച്ചു.

തുടർന്ന് ഇരുവരുടെയും വീട്ടുകാരെ വിവരമറിയിക്കുകയും രേഖകളുമായി വരാൻ ആവശ്യപ്പെടുകയും ചെയ്തെന്നും പെൺകുട്ടിയെ സഖി സെന്ററിലും ഗോകുലിനെ കസ്റ്റഡിയിലും വെച്ചെന്നുമാണ് പോലീസിൻ്റെ വിശദീകരണം. ഗോകുലിനെ ഒരുകേസിലും പ്രതിചേർത്തിട്ടില്ലെന്നും പോക്സോ ഉൾപ്പെടെയുള്ളവ പരിശോധിക്കാനാണ് കസ്റ്റഡിയിൽ വെച്ചതെന്നും രണ്ടുവീട്ടുകാരെയും വിവരമറിയിച്ചിരുന്നുതായും പോലീസ് പറഞ്ഞിരുന്നു.

അതിനിടെ, പോലീസ് കസ്റ്റഡിയിലെടുത്ത ഗോകുലിന് പ്രായപൂർത്തിയായിരുന്നില്ലെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്കൂൾ രേഖകൾ പ്രകാരം 2007 മെയ് 30-നാണ് ഗോകുലിൻ്റെ ജനനം. ഇതനുസരിച്ച് സംഭവസമയത്ത് ഗോകുലിന് 18 വയസ്സ് തികഞ്ഞിരുന്നില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയശേഷം ഒപ്പമുണ്ടായിരുന്ന ഗോകുലിനെ സ്‌റ്റേഷനിൽ നിർത്തുകയായിരുന്നു. എന്നാൽ, പ്രായപൂർത്തിയാകാത്ത ഗോകുലിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിൽ നിർത്തിയതിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച്‌ചയുണ്ടായെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

സംഭവത്തിൽ പോലീസിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി ഗോകുലിന്റെ ബന്ധുക്കളും പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ള നാട്ടുകാരും രംഗത്തെത്തി. പെൺകുട്ടിയെ കാണാതയതിൻ്റെ പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘം ഭീഷണിപ്പെടുത്തിയതായും ഫോണുകൾ പിടിച്ചുവാങ്ങിയതായും ബന്ധുക്കൾ ആരോപിച്ചു.

എത്രയുംവേഗം പെൺകുട്ടിയുമായി തിരികെ എത്തിയില്ലെങ്കിൽ ഗോകുലിനെ പുറംലോകം കാണിക്കില്ലെന്ന് പോലീസുകാർ ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കൾ പറഞ്ഞു. പെൺകുട്ടിയെ കാണാതായ ശേഷം പലതവണ ഗോകുലിൻ്റെ വീട്ടിൽ പോലീസ് എത്തിയിരുന്നു. ഗോകുലിനെ കണ്ടാൽ വെറുതെ വിടില്ലെന്ന് പോലീസ് ഭീഷണി മുഴക്കി. ഗോകുലിൻ്റെ അമ്മയെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യംചെയ്തു.

ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഫോണുകൾ പോലീസ് കൊണ്ടുപോയെന്നും ഇവർ ആരോപിച്ചു. പോലീസിൽനിന്ന് സമാന രീതിയിലുള്ള മാനസിക പീഡനം ഗോകുലും നേരിട്ടുണ്ടാകാമെന്നും ‌സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.